കുവൈത്ത് സിറ്റി: ഖത്തറിൽ ആരംഭിച്ച അണ്ടർ 23 ഏഷ്യൻ കപ്പിൽ വിജയപ്രതീക്ഷകളോടെ കുവൈത്ത് യുവത ബുധനാഴ്ച കളത്തിലിറങ്ങും. വിയറ്റ്നാമാണ് കുവൈത്തിന്റെ ആദ്യ എതിരാളി. അൽ ജനൂബ് സ്റ്റേഡിയത്തിൽ വൈകീട്ട് 6.30ന് നടക്കുന്ന മത്സരത്തിൽ ജയത്തോടെ തുടങ്ങാനാണ് കുവൈത്തിന്റെ ശ്രമം. കുവൈത്ത് ഉൾപ്പെട്ട ഗ്രൂപ് ഡിയിൽ വിയറ്റ്നാം, ഉസ്ബകിസ്താൻ, മലേഷ്യ എന്നിവയാണ് മറ്റു ടീമുകൾ. ശനിയാഴ്ച കുവൈത്ത്-ഉസ്ബകിസ്താനെയും ചൊവ്വാഴ്ച മലേഷ്യയേയും നേരിടും.
തിങ്കളാഴ്ച ആരംഭിച്ച യൂത്ത് ഫുട്ബാൾ മേയ് മൂന്നു വരെ നീളും. ഏഷ്യൻ മേഖലയിലെ പ്രബലരായ 16 രാജ്യങ്ങൾ മാറ്റുരക്കുന്നുണ്ട്. സൗദി അറേബ്യയാണ് നിലവിലെ ചാമ്പ്യന്മാർ. വൻകരയുടെ പുതു യുവജേതാക്കളെ നിർണയിക്കുകയെന്നതിനൊപ്പം ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ പാരിസിൽ നടക്കുന്ന ഒളിമ്പിക്സിലേക്കുള്ള ഏഷ്യൻ ഫുട്ബാൾ യോഗ്യത കൂടിയാണ് ഖത്തറിലെ പോരാട്ടം. ടൂർണമെന്റിലെ ആദ്യ മൂന്നു സ്ഥാനക്കാർ നേരിട്ട് ഒളിമ്പിക്സ് യോഗ്യത നേടും. സെമി ഫൈനലിലെത്തുന്ന നാലാമത്തെ ടീമിന് ആഫ്രിക്കൻ ടീമുമായുള്ള പ്ലേഓഫിലൂടെയും ഒളിമ്പിക്സ് ബർത്തുറപ്പിക്കാൻ അവസരമുണ്ട്. 1992, 2000 ഒളിമ്പിക്സുകളിൽ പങ്കെടുത്ത കുവൈത്ത് ഏഷ്യൻ കപ്പ് നേട്ടത്തോടെ വീണ്ടും മികവ് തെളിയിക്കാനുള്ള ശ്രമത്തിലാണ്. ആതിഥേയരായ ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങൾക്കൊപ്പം ഇറാഖ്, ജോർഡൻ എന്നീ അറബ് ടീമുകൾ കൂടി പങ്കുചേരുന്ന അണ്ടർ 23 ഏഷ്യൻ കപ്പ് മേഖലക്കും സവിശേഷമാണ്. മേഖലയിലെ ഭാവി ഫുട്ബാൾ ശക്തികൾ ആരെന്നതിന്റെ സൂചന കൂടിയാകും അണ്ടർ 23 മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.