കുവൈത്ത് സിറ്റി: ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസിയുടെ (യു.എൻ.ആർ.ഡബ്ല്യു.എ) പ്രകടനത്തെക്കുറിച്ച് യു.എൻ കമീഷൻ പുറത്തുവിട്ട റിപ്പോർട്ടിനെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. യു.എൻ.ആർ.ഡബ്ല്യു.എയുടെ പ്രവർത്തനത്തെക്കുറിച്ച് യു.എൻ സ്വതന്ത്ര കമ്മീഷൻ പുറപ്പെടുവിച്ച റിപ്പോർട്ടിന്റെ ഫലങ്ങൾ മന്ത്രാലയം പ്രശംസിച്ചു. ഫലസ്തീൻ ജനതയുടെ ദുരിതാശ്വാസ, മാനുഷിക, വികസന ശ്രമങ്ങളെ പിന്തുണക്കുന്നതിൽ അതിന്റെ പ്രധാന പങ്കും ചൂണ്ടിക്കാട്ടി. ഇസ്രായേൽ അധിനിവേശം മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുരിതങ്ങൾ ലഘൂകരിക്കാൻ ഫലസ്തീൻ അഭയാർഥികൾക്ക് എല്ലാവിധ പിന്തുണയും നൽകണമെന്ന കുവൈത്ത് ഭരണകൂടത്തിന്റെ നിലപാട് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. യു.എൻ.ആർ.ഡബ്ല്യു.എക്ക് ധനസഹായം നൽകേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.
ഫലസ്തീനിൽ ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യവിതരണ മേഖലയിൽ 70ലേറെ വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ. എന്നാൽ, ഇസ്രായേൽ നടത്തിയ വ്യാജ പ്രചാരണത്തെ തുടർന്ന് 15 രാജ്യങ്ങൾ യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള സഹായം നിർത്തിവെച്ചിരുന്നു. അതിനിടെ, മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയുടെ നേതൃത്വത്തിൽ നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ ആരോപണം കള്ളമാണെന്ന് തെളിഞ്ഞു. ഇതോടെ സഹായവിതരണം പുനരാരംഭിക്കാൻ വിവിധ രാജ്യങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.