കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് ഊഷ്മള സ്വീകരണം. ബയാൻ പാലസിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഗുട്ടറസിനെ സ്വീകരിച്ചു. തുടർന്ന് ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. കുവൈത്തും യു.എന്നും തമ്മിലുള്ള മാതൃകാപരമായ ബന്ധം, കൂടുതൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ, അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും പിന്തുണ നൽകുന്ന ശ്രമങ്ങൾ, വികസനവും മാനുഷിക സംരംഭങ്ങളും കൈവരിക്കുന്നതിനുള്ള ഏകോപനം എന്നിങ്ങനെ വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു. ഗസ്സയിലെ സ്ഥിതിഗതികൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളും അടിയന്തര വെടിനിർത്തലിനുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും മുന്നോട്ടുവെച്ചു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും വിലയിരുത്തി. ഗുട്ടറസിന്റെ രാഷ്ട്രീയ ശ്രമങ്ങൾക്കും സേവനങ്ങൾക്കുമുള്ള അംഗീകാരമായി അമീർ അദ്ദേഹത്തിന് ‘ഓർഡർ ഓഫ് കുവൈത്ത്’ നൽകി ആദരിച്ചു.
നിയുക്ത പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും ഗുട്ടറസിനേയും പ്രതിനിധി സംഘത്തേയും സ്വീകരിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കുവൈത്തും യു.എന്നും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും പ്രാദേശികമായും ആഗോളമായും സമാധാനവും സുരക്ഷയും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ഇരുവിഭാഗവും ചർച്ച ചെയ്തു. ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയുടെ ഭാഗമായി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഞായറാഴ്ചയാണ് ഗുട്ടറസ് കുവൈത്തിലെത്തിയത്. യു.എൻ-കുവൈത്ത് ബന്ധം മെച്ചപ്പെടുത്തലിനൊപ്പം മാനുഷിക, വികസന വിഷയങ്ങൾ, ആഗോള സുരക്ഷയും സമാധാനവും സംബന്ധിച്ച ഏകോപിപ്പിക്കുന്നതിനും സന്ദർശനം ഊന്നൽ നൽകും.
കുവൈത്ത് സിറ്റി: കുവൈത്തിന്റെ മാനുഷിക പ്രവർത്തനത്തിനും സ്വീകരണത്തിനും നന്ദി അറിയിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായുള്ള കൂടിക്കാഴ്ചയിൽ കുവൈത്ത് മനുഷ്യത്വത്തിന്റെയും വിവേകത്തിന്റെയും ഔദാര്യത്തിന്റെയും പ്രതീകമാണെന്ന് യു.എൻ മേധാവി പറഞ്ഞു. സമാധാനത്തിനായുള്ള കുവൈത്തിന്റെ ശാശ്വതമായ പ്രതിബദ്ധതക്ക് അഗാധമായ നന്ദി അറിയിക്കുന്നതായും ഗുട്ടറസ് കൂട്ടിച്ചേർത്തു. കുവൈത്തിന്റെ ആദരാവായ ‘ഓർഡർ ഓഫ് കുവൈത്ത്’ കൈപ്പറ്റിയ ഗുട്ടറസ് അത് ഗസ്സയിൽ കൊല്ലപ്പെട്ട 200 ഓളം യു.എൻ അംഗങ്ങൾക്ക് വേണ്ടി സമർപ്പിച്ചു. അഭയാർഥികൾക്കായുള്ള യു.എൻ ഹൈക്കമ്മീഷണറായിരുന്ന സമയത്ത് സിറിയൻ അഭയാർഥികൾക്ക് പിന്തുണ കണ്ടെത്താൻ കഴിയാതെ നിരാശനായതും കുവൈത്തിലെ അന്തരിച്ച അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അഭയാർഥികളെ പിന്തുണക്കുന്നതിനായി അന്താരാഷ്ട്ര കോൺഫറൻസുകൾ സംഘടിപ്പിച്ചതും അദ്ദേഹം ഓർമിച്ചു. കുവൈത്തിന്റെ സംഭാവനയും സൂചിപ്പിച്ചു. ജി.സി.സിയിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കുവൈത്ത് എന്നും മധ്യസ്ഥനായിരുന്നുവെന്ന് താൻ എപ്പോഴും ഓർക്കുമെന്നും ഗുട്ടെറസ് പറഞ്ഞു. മാനുഷിക പ്രവർത്തനങ്ങൾക്ക് കുവൈത്ത് ഭരണകൂടം എപ്പോഴും പിന്തുണ നൽകുമെന്ന് അമീർ ഗുട്ടെറസിന് ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.