കുവൈത്ത് സിറ്റി: രാജ്യത്ത് അനിയന്ത്രിതമായ ടാക്സികള്‍ അനുവദിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി വിലയിരുത്തൽ. ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കണ്ടെത്താൻ പൊതുഗതാഗത സംവിധാനം വർധിപ്പിക്കണമെന്ന നിർദേശം പരിഗണിക്കുന്നതായും സൂചനയുണ്ട്.
രാജ്യത്ത് നിലവില്‍ പതിനായിരത്തിലേറെ ടാക്സികളാണ് ഓടുന്നത്. തിരക്ക് കൂടുന്ന സമയത്ത് കൂടുതല്‍ ടാക്സികള്‍ നിരത്തില്‍ വർധിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ ടാക്സികളുടെ വർധന ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ ചേരുന്ന സുപ്രീം കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പ്രാദേശിക മാധ്യമമായ അൽ ജരിദ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ടാക്സി വ്യവസായത്തിന്റെ സംഭാവന കുറവാണ്. കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ ടാക്സി കമ്പനികള്‍ വിമുഖത പുലര്‍ത്തുന്നത് സുരക്ഷാപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. മേഖലയിലെ മറ്റു രാജ്യങ്ങളിലെ പോലെ ടാക്സി കമ്പനികൾക്കായി പൊതുലേലം നടത്താനും ആലോചിക്കുന്നുണ്ട്.
അതിനിടെ, ഗതാഗതക്കുരുക്കിന് പരിഹാരമായി പൊതുഗതാഗത സംവിധാനം വർധിപ്പിക്കാനുള്ള നിർദേശവും മന്ത്രാലയം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ പ്രവാസികളാണ് ബസ് ഗതാഗതം ഏറെയും ആശ്രയിക്കുന്നത്. പ്രവാസികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലെ സ്റ്റേഷനുകളും റൂട്ടുകളും മെച്ചപ്പെടുത്തുകയും കൂടുതല്‍ പേരെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിക്കാനുമാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.