കുവൈത്ത് സിറ്റി: വിദേശത്ത് പോകുന്നവർക്ക് കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് നാല് മുതൽ ആറ് ആഴ്ചക്കുള്ളിൽ നൽകാനും പ്രത്യേക വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനുമുള്ള കേരള ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശം പ്രവാസികൾക്ക് ആശ്വാസം.
കോവിഷീൽഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ കോവിഷീൽഡ് ആസ്ട്രസെനക എന്ന് രേഖപ്പെടുത്താനുള്ള തീരുമാനവും മികച്ചതാണ്. അതേസമയം, ഇതുകൊണ്ട് കുവൈത്തിെൻറ അംഗീകാരം ലഭിക്കുമോ എന്നത് കുവൈത്ത് സർക്കാറിെൻറ തീരുമാനം വന്നാലേ അറിയൂ. കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്.
ഫൈസർ ബയോൺടെക്, ഒാക്സ്ഫഡ് ആസ്ട്രസെനക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. ആസ്ട്രസെനക തന്നെയാണ് കോവിഷീൽഡ് എന്ന് ബോധ്യപ്പെടുത്താനാണ് എംബസി ശ്രമിക്കുന്നത്. വാക്സിൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തുന്നതും പ്രവാസികൾക്ക് ഗുണം ചെയ്യും.
പ്രവാസികൾക്ക് രണ്ട് ഡോസുകൾക്കിടയിലെ ഇടവേള നാല് മുതൽ ആറ് ആഴ്ചക്കുള്ളിൽ നൽകാനുള്ള തീരുമാനവും ബുദ്ധിപരവും പ്രവാസി സൗഹൃദവുമാണ്. നാട്ടിൽ കുടുങ്ങിയ നിരവധി പ്രവാസികളാണ് തൊഴിലിടത്തിലേക്ക് മടങ്ങാൻ അവസരം കാത്തിരിക്കുന്നത്. യാത്രാനിയന്ത്രണങ്ങൾ നീക്കിയാലുടൻ മടങ്ങാൻ ധൃതിപ്പെട്ടിരിക്കുകയാണ് ഏതാണ്ട് എല്ലാവരും.
ജോലി നഷ്ട ഭീഷണിയും വിസ കാലാവധി കഴിയുന്നതും അവർ നേരിടുന്ന വെല്ലുവിളികളാണ്. രണ്ടാം ഡോസ് വാക്സിൻ വൈകുന്നത് മൂലമുള്ള തടസ്സം നീങ്ങിക്കിട്ടുന്നത് ആശ്വാസമാണ്. പ്രവാസികൾക്ക് കോവിഷീൽഡ് വാക്സിൻ തന്നെ നൽകുമെന്ന പ്രഖ്യാപനവും സ്വാഗതാർഹമാണ്.
ഇന്ത്യയിൽ നൽകിക്കൊണ്ടിരിക്കുന്ന വാക്സിനുകളിൽ വിദേശരാജ്യങ്ങളുടെ അംഗീകാരം ലഭിക്കാൻ ഏറ്റവും സാധ്യതയുള്ളത് ഒാക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച ആസ്ട്രസെനക നിർമിക്കുന്ന കോവിഷീൽഡ് വാക്സിൻ തന്നെ.
കുവൈത്ത് സിറ്റി: പ്രവാസികളുടെ വാക്സിനേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈകോടതിയിൽ ഹരജി നൽകി. ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് അബ്രഹാമാണ് ഹരജി സമർപ്പിച്ചത്.
യാത്ര നിയന്ത്രണങ്ങൾ മൂലം വിദേശത്തേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ തങ്ങുന്ന പ്രവാസികൾക്കും പഠനാവശ്യത്തിന് വിദേശത്ത് പോകുന്നവർക്കും വാക്സിനേഷനിൽ മുൻഗണന ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുക, വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്തുക, കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിൽ 'ഓക്സ്ഫഡ്-ആസ്ട്രസെനക' എന്ന് രേഖപ്പെടുത്തുക, ഇന്ത്യൻ നിർമിത കോവാക്സിന് ലോകാരോഗ്യ സംഘടനയുടെയും മറ്റു രാജ്യങ്ങളുടെയും അംഗീകാരം ലഭിക്കാൻ ഇടപെടുക, രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചത്.
വാക്സിനേഷനിൽ മുൻഗണ ആവശ്യപ്പെട്ട് നേരത്തേ പ്രവാസി ലീഗൽ സെൽ കേരള ഹൈകോടതിയിൽ ഹർജി നൽകിയിരുന്നു. കേരള സർക്കാർ അനുകൂല തീരുമാനമെടുത്തു.
എന്നാൽ, ദേശീയ തലത്തിൽ ഇപ്പോഴും പ്രശ്നങ്ങൾ ഉള്ളതിനാലാണ് കേന്ദ്ര സർക്കാറിനെതിരെ ഡൽഹി ഹൈകോടതിയിൽ ഹരജി സമർപ്പിച്ചതെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും കുവൈത്ത് കൺട്രി ഹെഡുമായ ബാബു ഫ്രാൻസിസ്, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.