കുവൈത്ത് സിറ്റി: രാജ്യത്ത് സ്കൂളുകൾ തുറന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാൻ നീക്കം. ഇടക്കാലത്ത് കോവിഡ് കേസുകൾ ഗണ്യമായി കൂടിയതോടെ പെരുന്നാളിന് ശേഷം തീരുമാനമെടുക്കാമെന്ന ധാരണയിലായിരുന്നു അധികൃതർ. ഇപ്പോൾ കേസുകൾ കുറഞ്ഞു. വാക്സിനേഷനിലും ഗണ്യമായ പുരോഗതിയുണ്ട്. സെപ്റ്റംബറിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നേരത്തേ തയാറെടുപ്പ് ആരംഭിച്ചിരുന്നു.
അതിനിെട, രാജ്യത്ത് കോവിഡ് കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സാഹചര്യങ്ങൾ വിശദമായി വിലയിരുത്തി തീരുമാനിക്കാമെന്ന് വെച്ചത്. ഒരു വർഷത്തിലേറെയായി സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ഒാൺലൈൻ പഠനത്തിന് നിരവധി പ്രശ്നങ്ങളും പരിമിതിയും ഉണ്ട്.
12നും 15നും ഇടയിൽ പ്രായമുള്ളവരുടെ കുത്തിവെപ്പ് പുരോഗമിക്കുന്നുണ്ട്.ഫൈസർ വാക്സിനാണ് ഇവർക്ക് നൽകുന്നത്. ആരോഗ്യമന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ സ്കൂൾ തുറന്ന് ക്ലാസ് ആരംഭിക്കുക, സ്കൂളിലെ ക്ലാസുകളും ഒാൺലൈൻ പഠനവും സമന്വയിപ്പിച്ച് കുറച്ചുകാലം കൂടി കൊണ്ടുപോകുക എന്നീ രണ്ടു വഴികളും അധികൃതർ ആലോചിക്കുന്നുണ്ട്.
900ത്തോളം സ്കൂളുകള്‍ പുതിയ അധ്യായന വർഷത്തിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ ഒരുക്കം ആരംഭിച്ചിട്ടുണ്ട്. കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെയാണ് സ്കൂളുകൾ പ്രവർത്തിക്കുക. ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.