കുവൈത്ത് സിറ്റി: ജി.സി.സി തലത്തിൽ മൂല്യവർധിത നികുതി (വാറ്റ്) ഏർപ്പെടുത്തുന്നതിന് കുവൈത്ത് മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നൽകിയതിന് പിറകെ ഇതിനെതിരെ എംപിമാർ രംഗത്തെത്തി. വാറ്റ് ഉൾപ്പെടെ ഏതുതരത്തിലുള്ള നികുതി നിർദേശങ്ങളെയും എതിർക്കുമെന്ന് റിയാദ് അൽ അദ്സാനി എം.പി പറഞ്ഞു.
വിലക്കയറ്റത്തിന് ഇടയാക്കുന്ന നടപടിയാണിത്.
പൗരന്മാർക്ക് പ്രയാസത്തിനിടയാക്കുന്ന ഒരു നിർദേശവും അംഗീകരിക്കില്ല. സർക്കാറിെൻറ പ്രധാന കർമപദ്ധതികളിൽ ഉൾപ്പെടുത്തിയിരിക്കയാണ് വാറ്റ്. ഇതുമായി മുന്നോട്ടുപോവുകയാണെങ്കിൽ പ്രധാനമന്ത്രിയെ കുറ്റവിചാരണ ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.ഉപഭോക്താക്കളുടെ ചെലവിൽ ചില വ്യാപാരികളും കമ്പനികളും നേട്ടമുണ്ടാക്കുന്ന കാര്യമാകും വാറ്റ് എന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി-, വെള്ളം നിരക്ക് വർപ്പിക്കാനുള്ള സർക്കാർ നീക്കത്തിനുണ്ടായതുപോലെ വാറ്റ് സംബന്ധിച്ച നടപടികൾക്കും പാർലമെൻറിൽ സർക്കാറിന് തിരിച്ചടി നേരിടേണ്ടിവരും.
കുവൈത്ത് കുടുംബങ്ങളുടെ ബജറ്റിനെ പ്രതികൂലമായി ബാധിക്കുന്ന നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. വാറ്റ് നടപ്പാക്കുന്നതിന് മുമ്പ് പൊതുസേവനം മെച്ചപ്പെടുത്താനാണ് സർക്കാർ തയാറാകേണ്ടതെന്ന് അബ്ദുൽ കരീം അൽ കന്ദരി എം.പി പറഞ്ഞു. വിലക്കയറ്റം തടയാൻ സർക്കാറിനെക്കൊണ്ട് കഴിയില്ല. ഉപഭോക്താവ് നൽകേണ്ടിവരുന്ന അഞ്ചു ശതമാനം വാറ്റ് കച്ചവടക്കാർക്ക് ലാഭമുണ്ടാക്കാനുള്ള വഴി മാത്രമായിത്തീരും.
ജനങ്ങളുടെ കീശയിൽ കൈയിടുന്നതിനു പകരം ചെലവ് കുറച്ച് കമ്മി കുറക്കുന്നതിനും അഴിമതി തടയുന്നതിനുമാണ് സർക്കാർ മുൻകൈയെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരന്മാരെ പ്രതികൂലമായി ബാധിക്കുന്ന നടപടിക്കാണ് സർക്കാർ ഒരുങ്ങുന്നതെന്ന് ഹമൂദ് അൽ ഖുദൈരി പറഞ്ഞു. അത്തരമൊരു നിയമത്തിന് പാർലമെൻറിെൻറ അംഗീകാരം ലഭിക്കുകയില്ല. ജനങ്ങളോടാണ് പാർലമെൻറിന് പ്രതിബദ്ധത. ജനങ്ങൾക്കെതിരായ തീരുമാനം അംഗീകരിക്കാൻ പാർലമെൻറിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.