കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങൾ നടപ്പാക്കുന്ന മൂല്യവർധിത നികുതി സമ്പ്രദായത്തിന് ബദലായി മറ്റൊരു നികുതി ഏർപ്പെടുത്തുന്നതിനെകുറിച്ച് കുവൈത്ത് ആലോചിക്കുന്നതായി റിപ്പോർട്ട്. പുരോഗമന നികുതി സമ്പ്രദായം (പ്രോഗ്രസീവ് ടാക്സ് സിസ്റ്റം) എന്ന പേരിൽ ബദൽ ആലോചിക്കുന്നതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. വ്യക്തിഗത വരുമാനത്തിന് നികുതി ഏർപ്പെടുത്താതെ കോർപറേറ്റ് ലാഭത്തിന് മാത്രം ഇൗടാക്കാനാണ് ആലോചന. നിശ്ചിത ലാഭത്തിന് മുകളിൽ ഉണ്ടെങ്കിൽ മാത്രം നികുതിയടച്ചാൽ മതിയാവും. ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഒഴിവാക്കുകയും ചെയ്യും. വാറ്റ് നടപ്പാക്കുന്നതിന് ഇതുവരെ പാർലമെൻറിെൻറ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽകൂടിയാണ് സാധാരണക്കാരെ വലിയതോതിൽ ബാധിക്കാത്ത ബദലിനെ കുറിച്ച് രാജ്യം ആലോചിക്കുന്നത്. നേരത്തെ ജി.സി.സി തലത്തിൽ മൂല്യവർധിത നികുതി (വാറ്റ്) ഏർപ്പെടുത്തുന്നതിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകിയതിന് പിറകെ എം.പിമാർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. വിലക്കയറ്റത്തിന് ഇടയാക്കുന്ന നടപടിയാണിതെന്നും പൗരന്മാർക്ക് പ്രയാസത്തിനിടയാക്കുന്ന ഒരു നിർദേശവും അംഗീകരിക്കില്ലെന്നുമാണ് എം.പിമാർ വാദിച്ചത്. സൗദി, യു.എ.ഇ എന്നിവ 2018 ജനുവരി ഒന്നുമുതൽ മൂല്യവർധിത നികുതി സമ്പ്രദായം നടപ്പാക്കി. ഒമാൻ 2019 വരെ നീട്ടിവെച്ചിട്ടുണ്ട്. എണ്ണയിൽനിന്നുള്ള വരുമാനം കുറഞ്ഞതോടെ വരുമാന സ്രോതസ്സ് എന്ന നിലയിലാണ് വാറ്റ് ഏർപ്പെടുത്താൻ ജി.സി.സി തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.