കുവൈത്ത് സിറ്റി: അശ്രദ്ധമായി വാഹനമോടിക്കുന്നതിനും ട്രാഫിക് നിയമലംഘനങ്ങൾക്കുമെതിരെ കർശന നടപടികളുമായി ട്രാഫിക് വകുപ്പ്. ഈ വർഷം മാർച്ച് ഒന്നു മുതൽ മേയ് 31 വരെ റോഡിലെ അപകടകരമായ പെരുമാറ്റത്തിന് 30 പേർക്കെതിരെ നടപടിയെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിക്കപ്പെട്ട വ്യക്തികൾക്കെതിരെ തടവും പിഴയും, ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതും ഉൾപ്പെടെയുള്ള വിവിധ ശിക്ഷകളും വിധിച്ചു.
രാജ്യത്ത് റോഡപകടങ്ങൾ കുറക്കാൻ അധികൃതർ കൃത്യമായി ഇടപെട്ടുവരുകയാണ്. നിയമലംഘകർക്കെതിരെ പിഴയും തടവും അടക്കമുള്ള നടപടി കർശനമാക്കിയിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴശിക്ഷ ഉയർത്തുകയും വാഹനങ്ങളും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുന്നതും ശക്തമാക്കിയിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്താൻ വിവിധ ഇടങ്ങളിൽ പുതിയ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിന്റെ അർധവാർഷിക സ്ഥിതിവിവരക്കണക്കുകൾപ്രകാരം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 7,98,000 നേരിട്ടുള്ള ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവിൽ രേഖപ്പെടുത്തിയ ട്രാഫിക് അപകടങ്ങളുടെ എണ്ണം 37,000 ആണ്. ഈ വർഷം ആദ്യ പകുതിയില്‍ ലൈസൻസില്ലാതെ വാഹനം ഓടിച്ച 940 പ്രായപൂർത്തിയാകാത്തവരെ പിടികൂടുകയുമുണ്ടായി.
ട്രാഫിക് നിയമലംഘകരെ പിടികൂടുന്നതിന് ജാഗ്രത പുലർത്തുന്നതായും സുരക്ഷാപരിശോധനകൾ തുടരുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അമിത വേഗം, റോഡിൽ അഭ്യാസപ്രകടനം എന്നിവ ശ്രദ്ധയിൽപെട്ടാൽ വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കും.
വാഹനം ഓടിക്കുന്നവർ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ട്രാഫിക് വകുപ്പ് ഉണർത്തി. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും പ്രതികൂല സംഭവങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങളോട് അഭ്യർഥിച്ചു. റോഡപകടങ്ങൾ എമർജൻസി ഫോൺ ലൈൻ (112) വഴിയോ വാട്സ്ആപ് ട്രാഫിക് (99324092) വഴിയോ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.