കുവൈത്ത്സിറ്റി: റോഡിൽ അഭ്യാസ പ്രകടനം നടത്തിയ വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തു. ഫഹാഹീലിലാണ് റോഡിൽ രണ്ടു കാറുകൾ അഭ്യാസ പ്രകടനം നടത്തിയത്. നിരവധി കാഴ്ചക്കാരും ഇവിടെ തടിച്ചുകൂടിയിരുന്നു. വേഗത്തിൽ വരുന്ന കാറുകൾ റോഡിൽ കറക്കുന്നതിന്റെ വിഡിയോ ക്ലിപ്പ് ട്രാഫിക് ആൻഡ് ഓപറേഷൻസ് സെക്ടറിന് ലഭിക്കുകയും ഉടൻ വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും അവ പിടിച്ചെടുക്കുകയുമായിരുന്നു. ഡ്രൈവർമാരെ ട്രാഫിക് കോടതിയിലേക്ക് റഫർ ചെയ്യുകയും വാഹനങ്ങൾ ഗാരേജിലേക്ക് മാറ്റുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഗതാഗത നിയമലംഘനത്തിനു പുറമെ സ്വന്തവും മറ്റുള്ളവരുടെ ജീവനും സ്വത്തിനും നഷ്ടവും ഭീഷണിയും സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇത്തരക്കാർക്കുമേൽ ചുമത്താറുണ്ട്. ട്രാഫിക് നിയമങ്ങൾ പാലിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ എമർജൻസി ഫോണിൽ (112) അല്ലെങ്കിൽ ട്രാഫിക് നമ്പറിലേക്ക് (99324092) വാട്സ്ആപ് വഴി അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഓരോ പൗരനും കാവൽക്കാരാണെന്ന തത്ത്വം ഉൾക്കൊള്ളുകയും അധികാരികളെ അറിയിക്കുകയും ചെയ്ത പൗരന് അധികൃതർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.