കുവൈത്ത് സിറ്റി: കുവൈത്തിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ വർധനയെന്ന് റിപ്പോർട്ട്. രക്ഷിതാക്കളിൽനിന്നും പുറത്തുനിന്നുമുള്ള ശാരീരിക, മാനസിക കുറ്റകൃത്യങ്ങൾ ഗൗരവമുള്ളതാണ്. 2015ൽ ശിശുസംരക്ഷണ നിയമം പ്രാബല്യത്തിലായത് മുതൽ 845 കേസുകൾ റിപ്പോർട്ട് ചെയ്തതായി ജുവനൈൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ശിശു സംരക്ഷണ വിഭാഗം മേധാവി ലെഫ്റ്റനൻറ് കേണൽ സൗദ് അൽ ആമിർ പറഞ്ഞു.
സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകളും ഓൺലൈൻ ഗെയിമുകളും അപകടമായി മാറുന്നു. അപകടകരമായ പ്രവണതകളിൽനിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കുണ്ട്. കുട്ടികളുടെ സംരക്ഷണം ശക്തിപ്പെടുത്താൻ പുതിയ ശിശു സംരക്ഷണ നിയമം വളരെയധികം സഹായിച്ചിട്ടുണ്ട്. മാതാപിതാക്കൾ ക്രൂരമായി അടിക്കുകയോ ആക്രമിക്കുകയോ ചെയ്യുമ്പോൾ സ്വയം റിപ്പോർട്ട് ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നത് ഉൾപ്പെടെ കാര്യങ്ങളുണ്ടായിട്ടുണ്ട്. ഫലപ്രദമായ നടപടികളും ഇത്തരം പരാതികളിൽ എടുത്തു. പ്രായപൂർത്തിയാകാത്ത മകളെ ആക്രമിച്ച പിതാവിനെതിരെ 15 വർഷം തടവ് ഉൾപ്പെടെ നിരവധി നടപടികളുണ്ടായി. കുടുംബത്തിലെ അനൈക്യം കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നു. പ്രായപൂർത്തിയാകാത്തവരെ പരിപാലിക്കാൻ സംരക്ഷകന് യോഗ്യതയില്ലെങ്കിൽ ജുവനൈൽ അന്വേഷണ വകുപ്പ് ഇടപെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.