വിസക്കച്ചവടം: ഇരകളുടെ സ്ഥൈര്യത്തിൽ മാഫിയ വിറച്ചു

ധാർഷ്ട്യത്തോടെ സംസാരിച്ചിരുന്ന ഏജന്റുമാർ അയഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്തിൽ ദീർഘകാലമായി വിലസിയിരുന്ന വിസക്കച്ചവട മാഫിയ സമീപ ദിവസങ്ങളിൽ രണ്ട് ഇരകൾ ധീരമായി നിലകൊള്ളുകയും കേസുമായി മുന്നോട്ടുപോകാൻ തയാറാകുകയും ചെയ്തതോടെ വിറച്ചു. നേരത്തേ ധാർഷ്ട്യത്തോടെയും ഭീഷണിയുടെ സ്വരത്തിലും സംസാരിച്ചിരുന്ന ഇവരുടെ വാക്കുകളിൽ മാറ്റം പ്രകടമാണ്. കുവൈത്തിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ രണ്ടു മലയാളി സ്ത്രീകളാണ് കൊച്ചിയിൽ കേസ് നൽകുകയും തുടർ നടപടികൾക്ക് അധികൃതരുമായി സഹകരിച്ച് ഉറച്ചുനിൽക്കുകയും ചെയ്തത്.

നേരത്തേ ഇരകൾ കേസിനും തുടർ നടപടികൾക്കും തയാറാകാത്തത് വിസക്കച്ചവടക്കാർക്ക് ധൈര്യമായിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന സാമൂഹിക പ്രവർത്തകരും ഇക്കാരണം കൊണ്ടുതന്നെ നിസ്സഹായാവസ്ഥയിലാകാറുണ്ട്. രക്ഷപ്പെട്ട് നാട്ടിലെത്തിയാൽ ഇനി കേസിനും മറ്റും പോകാൻ താൽപര്യമില്ല എന്ന നിലപാടായിരുന്നു ഇരകളിൽ പലരും സ്വീകരിച്ചിരുന്നത്.

കുവൈത്തിൽ ദുരിതസാഹചര്യത്തിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ രണ്ട് സ്ത്രീകൾ നൽകിയ പരാതിയിൽ ഏജന്റുമാരിലൊരാളെ കൊച്ചിയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അജുമോൻ എന്നയാളാണ് കൊച്ചിയിൽ പിടിയിലായത്. ഇയാളുടെ പങ്കാളിയായ കുവൈത്ത് പ്രവാസി മലയാളിയെ പിടികൂടാൻ അധികൃതർ ശ്രമിക്കുന്നു. കുവൈത്തിൽ ഏജന്റ് മജീദ് ശാരീരിക മർദനം നടത്തുന്നതിന്റെ ദൃശ്യവും ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും മൊബൈലിൽ പകർത്തിയത് ഇരകൾ പൊലീസിന് കൈമാറി. വല്ലാതെ കളിച്ചാൽ സിറിയയിലേക്ക് അയക്കുമെന്ന് ഏജന്റ് ഭീഷണിപ്പെടുത്തിയത് കേസിന് മറ്റൊരു മാനവും നൽകി.

തൊഴിൽ ചൂഷണത്തിനിടയാകുന്നുണ്ടെങ്കിലും മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അധികൃതരെ അറിയിക്കാൻ കൃത്യമായ സംവിധാനങ്ങളുണ്ട്. തൊഴിലിടങ്ങളിൽ പീഡനമോ പ്രയാസങ്ങളോ ഉള്ളവർക്ക് ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം. ഇന്ത്യൻ എംബസി ആശയവിനിമയത്തിന് വാട്സ്ആപ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഗാർഹിക തൊഴിലാളികളുടെ പ്രശ്നങ്ങളിൽ പരാതികൾ അറിയിക്കാനും അന്വേഷണങ്ങൾക്കും +965-51759394, +965-55157738 എന്നീ നമ്പറുകളിൽ വിളിക്കുകയോ വാട്സ്ആപ് മെസേജ് അയക്കുകയോ ചെയ്യാം. വിസക്കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും തൊഴിലാളികളുടെ അവകാശങ്ങൾ പൂർണമായി ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് കുവൈത്തിലെ മാൻപവർ പബ്ലിക് അതോറിറ്റിയും വ്യക്തമാക്കുന്നു. റുമൈതിയയിലെ ഗാർഹികത്തൊഴിലാളി ഓഫിസിൽ നേരിട്ടെത്തിയും പരാതി നൽകാം.

എംബസി അഭയകേന്ദ്രത്തിലെത്തുന്നവരുടെ എണ്ണം കൂടി

കുവൈത്ത് സിറ്റി: വിസക്കച്ചവടവുമായി ബന്ധപ്പെട്ട വാർത്തകൾ ചർച്ചയായതോടെ കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ അഭയകേന്ദ്രത്തിൽ എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന. നൂറിലധികം പേർ ഇപ്പോൾ അഭയകേന്ദ്രത്തിലുണ്ട്. കേസ് നിലവിലില്ലാത്തവരും നാട്ടിൽ പോകാൻ തയാറുള്ളവരുമായവരെ വേഗത്തിൽ നാട്ടിൽ തിരിച്ചയക്കാൻ എംബസി ശ്രമിക്കുന്നുണ്ട്. സമീപ ദിവസങ്ങളിൽ ആളധികം ആയത് ഒഴിച്ചാൽ തൃപ്തികരമായ അന്തരീക്ഷത്തിലാണ് അന്തേവാസികൾ അഭയകേന്ദ്രത്തിൽ കഴിയുന്നത്. എംബസിയുടെ മേൽനോട്ടവും അഭയകേന്ദ്രത്തിനുമേൽ ഉണ്ട്. അംബാസഡർ കഴിഞ്ഞ ദിവസം അഭയകേന്ദ്രം സന്ദർശിച്ചു. നേരത്തേ 15നും 20നും ഇടയിൽ ആളുകളാണ് അഭയകേന്ദ്രത്തിൽ ഉണ്ടാകാറുള്ളത്. ഇതാണ് 100 കടന്നത്. 80 സ്ത്രീകളും 20ലേറെ പുരുഷന്മാരുമാണ് ഇപ്പോൾ ഉള്ളത്. ഇവരെ നടപടികൾ പൂർത്തിയാക്കി വൈകാതെ നാട്ടിലയക്കുമെന്ന് അംബാസഡർ ഓപൺ ഹൗസിൽ പറഞ്ഞു.

വിസക്കച്ചവടം: ചതിക്കപ്പെടുന്നവരിൽ കൂടുതലും മലയാളികൾ

കുവൈത്ത് സിറ്റി: സമീപകാലത്ത് വിസക്കച്ചവടക്കാരുടെ ചതിയിൽ പെട്ടവരിൽ കൂടുതലും മലയാളികൾ. ബുധനാഴ്ച രാത്രി ഇന്ത്യൻ എംബസി നടത്തിയ ഓപൺ ഹൗസിൽ ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് സംബന്ധിച്ച് അംബാസഡർ നൽകിയ വിവരണത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എംബസി അഭയകേന്ദ്രത്തിൽ കഴിയുന്നവരിൽ കൂടുതലും മലയാളികളാണ്. ഇവരിൽ ഭൂരിഭാഗവും ഈവർഷം പുതുതായി എത്തിയവരാണ്. നെടുമ്പാശേരി വഴിയാണ് കൂടുതൽ പേരും വന്നത്. അനധികൃത വഴികളിലൂടെ എത്തിയവരാണ് ചതിക്കപ്പെട്ടവരിൽ ബഹുഭൂരിഭാഗവും.

മൂന്നാം രാജ്യത്തേക്ക് ടൂറിസ്റ്റ് വിസയിൽ വന്ന് അവിടെനിന്ന് കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളി വിസയിൽ വന്നവരാണ് അധികവും. വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിൽ വരുന്നവർക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അധികൃതർക്ക് ഇടപെടാൻ എളുപ്പമാണ്. ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് ഇന്ത്യയും കുവൈത്തും ധാരണപത്രത്തിൽ ഒപ്പിട്ടിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതാണ് ഈ ധാരണപത്രം. ഇതനുസരിച്ച് പാസ്പോർട്ട് പിടിച്ചുവെക്കാൻ സ്പോൺസർക്ക് അവകാശമുണ്ടാകില്ല. സ്പോൺസർ തൊഴിലാളിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് എടുത്തുനൽകുകയും ശമ്പളം മാസത്തിൽ കൃത്യമായി അക്കൗണ്ടിൽ ഇടുകയും വേണം. തൊഴിലാളികൾക്ക് നിയമസഹായം സൗജന്യമായിരിക്കും.

റിക്രൂട്ട്മെന്റിന്റെ പേരിൽ തൊഴിലാളിയുടെ ശമ്പളത്തിൽനിന്ന് പിടിച്ചുവെക്കാനോ വെട്ടിക്കുറക്കാനോ ഏജൻസിക്ക് അവകാശമില്ല. പൂർണമായ ശമ്പളം തൊഴിലാളിക്ക് ലഭിക്കണം. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ജോലിക്കിടെ പരിക്കേറ്റാൽ നഷ്ടപരിഹാരവും ലഭിക്കും. വ്യക്തമായ തൊഴിൽ കരാറിന്റെ അടിസ്ഥാനത്തിൽ ശരിയായ റിക്രൂട്ട്മെന്റ് നടപടികളിലൂടെ അല്ലാതെ ഗാർഹിക തൊഴിൽ മേഖലയിലേക്ക് വരരുതെന്ന് നാട്ടിൽ ബോധവത്കരണം ശക്തിപ്പെടുത്തേണ്ടതിന്റെയും എമിഗ്രേഷൻ നടപടിക്രമങ്ങളിൽ ജാഗ്രതയുണ്ടാകേണ്ടതിന്റെയും ആവശ്യകതയിലേക്കാണ് ആവർത്തിക്കുന്ന തൊഴിൽ ചൂഷണ സംഭവങ്ങൾ വെളിച്ചം വീശുന്നത്.

Tags:    
News Summary - Visa trading: Mafia shuddered at victims' resilience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.