കുവൈത്ത് സിറ്റി: ശൈത്യകാലം എത്തുകയാണ്. തണുപ്പിനൊപ്പം ഒരുപിടി രോഗങ്ങളും കടന്നുവരും. രോഗത്തെ നേരത്തേ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചാൽ വലിയ അപകടങ്ങൾ വരാതെ കാക്കാം. തണുപ്പിനൊപ്പം കടന്നുവരുന്ന ജലദോഷപ്പനി പോലുള്ള രോഗങ്ങളെ നിസ്സാരമായി കാണരുത്.
ഇൻഫ്ലുവൻസയെ തിരിച്ചറിയണം
ശൈത്യകാലത്തിന്റെ വരവോടെ എത്തുന്ന രോഗമാണ് ഇൻഫ്ലുവൻസ (ഫ്ലൂ). സാധാരണവും നിയന്ത്രിച്ചില്ലെങ്കിൽ അപകടകാരിയുമായ വൈറൽ അണുബാധയാണിത്. അവഗണിച്ചാൽ ജീവന് തന്നെ ഭീഷണിയായേക്കാം. തക്കസമയത്തുള്ള ചികിത്സ വഴി ജീവൻ രക്ഷിക്കാനും ആരോഗ്യം വീണ്ടെടുക്കാനും കഴിയും. ഇൻഫ്ലുവൻസ വൈറസ് ടൈപ്പ് എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗമുണ്ട്. എ, ബി വിഭാഗങ്ങളാണ് കൂടുതൽ പകർച്ച സ്വഭാവമുള്ളത്. സി നേരിയ അണുബാധക്ക് കാരണമാകുന്നു. ഡി അപൂർവമാണ്.
ലക്ഷണങ്ങൾ
ഒറ്റനോട്ടത്തിൽ സാധാരണ ജലദോഷവും ഒരുപോലെ തോന്നാം. എന്നാൽ, പനിയോടൊപ്പം തലവേദന, തൊണ്ടവേദന, മൂക്കടപ്പ്, ചുമ, തുമ്മൽ, അസ്വാസ്ഥ്യം തുടങ്ങിയവ ഫ്ലൂ ലക്ഷണമാകാം. ഇവ ഇടക്കിടെ വരുന്നത് ഗുരുതര രോഗത്തിലേക്ക് നയിച്ചേക്കാം. എല്ലാ പ്രായവിഭാഗക്കാരെയും വൈറസ് ബാധിക്കുമെങ്കിലും ഗർഭിണികൾ, അഞ്ച് വയസ്സിന് താഴെയുള്ളവർ, 65 വയസ്സിന് മുകളിലുള്ളവർ, മാറാരോഗികൾ, എയ്ഡ്സ് ബാധിതർ, കീമോതെറപ്പി ചെയ്യുന്നവർ, സ്റ്റിറോയിഡുകൾ സ്വീകരിക്കുന്നവർ തുടങ്ങിയവരിൽ അപകടസാധ്യത കൂടുതലാണ്. വികസ്വര രാജ്യങ്ങളിൽ ഇൻഫ്ലുവൻസയുമായി ബന്ധപ്പെട്ട 99 ശതമാനം മരണവും അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലാണ് സംഭവിക്കുന്നത്.
സൂക്ഷ്മത അനിവാര്യം
കോശത്തിലേക്ക് പ്രവേശിക്കുക, പെരുകി വ്യാപിക്കുക എന്നതാണ് വൈറസിന്റെ സ്വഭാവം. വൈറസിന്റെ ജനിതക മാറ്റം പകർച്ചവ്യാധിയുടെ സ്വഭാവവും വ്യാപ്തിയും നിർണയിക്കുന്നു. വൈറസ് ബാധിതർ ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ വായുവിൽ പടരുന്ന രോഗാണുക്കൾ മറ്റുള്ളവരിലേക്കു പടരുന്നു. കൈകളിലൂടെയും പടരാം. പകർച്ച തടയാൻ ചുമക്കുമ്പോൾ വായും മൂക്കും മൂടണം. കൈ ഇടക്കിടെ കഴുകണം.
രോഗം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം പ്രതിരോധ കുത്തിവെപ്പ് ആണ്. പ്രതിരോധശേഷി കാലക്രമേണ കുറയുന്നതിനാൽ എല്ലാ വർഷവും ഇൻഫ്ലുവൻസ വാക്സിനേഷൻ നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.