കുവൈത്ത് സിറ്റി: ചൈനീസ് പ്രസിഡന്റ് സ്ഥാനത്ത് മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട ഷി ജിൻപിങ്ങിന് കുവൈത്തിന്റെ ആശംസ. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ ചൈനീസ് പ്രസിഡന്റിന് അഭിനന്ദന സന്ദേശം അയച്ചു. പ്രസിഡന്റ് ഷിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ ചൈന കൈവരിച്ച നേട്ടങ്ങളെ അമീർ അഭിനന്ദിച്ചു. രാജ്യത്തിന്റെ വലിയ പുരോഗതിക്ക് ഇത് വഴിവെച്ചതായും അമീർ ചൂണ്ടിക്കാട്ടി.
കുവൈത്തും ചൈനയും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയതും ചരിത്രപരവുമായ ബന്ധം അഭിമാനം ഉയർത്തുന്നതാണെന്ന് പറഞ്ഞ അമീർ, ചൈനീസ് നേതാവിന് നിത്യ ക്ഷേമവും ചൈനക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും വികസനവും ആശംസിച്ചു. ഷി ജിൻപിങ്ങിന് ആയുരാരോഗ്യങ്ങൾ നേർന്ന കിരീടാവകാശി, ചൈന കൂടുതൽ പുരോഗതിയിലേക്ക് കുതിക്കട്ടെ എന്നും സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സി.സി.പി) തലവനായി ഒക്ടോബറിൽ അഞ്ചുവർഷത്തേക്കു കൂടി ഷി ജിൻപിങ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച അദ്ദേഹത്തെ ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.