കുവൈത്ത് സിറ്റി: തിരുപ്പിറവിയുടെ ഓർമ പുതുക്കി കുവൈത്തിലെ ക്രൈസ്തവ വിശ്വാസികൾ തിങ്കളാഴ്ച ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളും ക്രൈസ്തവ ഭവനങ്ങളും ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി കഴിഞ്ഞു. പുൽക്കൂടും, നക്ഷത്രങ്ങളും, ക്രിസ്മസ് ട്രീയും ഒരുക്കി ദിവസങ്ങൾക്കുമുമ്പേ ആഘോഷത്തിന് ഒരുങ്ങിയിരുന്നു.
അതേസമയം, മുൻ അമീറിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ദുഃഖാചരണം തുടരുന്നതിനാൽ വലിയ ആഘോഷങ്ങൾ ഇത്തവണ ഇല്ല. ക്രിസ്ത്യൻ ദേവാലയങ്ങളിലും ചടങ്ങുകൾ ചെറിയ രൂപത്തിലാണ് നടന്നത്.
ഞായറാഴ്ച രാത്രി കുവൈത്തിലെ പ്രധാന ക്രൈസ്തവ ദേവാലയങ്ങളായ അഹമ്മദിയിലെ ഔർ ലേഡി ഓഫ് അറേബ്യ ദേവാലയം, കുവൈത്ത് സിറ്റിയിലെ ഹോളി ഫാമിലി കത്തീഡ്രൽ എന്നിവിടങ്ങളിൽ ജനനപ്പെരുന്നാളിന്റേതായ പ്രത്യേക പ്രാർഥനകളും, പാതിരാ കുർബാനയും നടന്നു. കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയം ഉണ്ണിയേശുവിന്റെ തിരുപ്പിറവി കൊണ്ടാടി. വൈകീട്ട് ഏഴു മുതൽ നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് വളപ്പിൽ നടന്ന കുർബാനക്കും മറ്റു ശുശ്രൂഷകൾക്കും ഫാ.സിജിൽ ജോസ് വിലങ്ങാൻപാറ കാർമികത്വം വഹിച്ചു.
പാതിരാ കുർബാനയിൽ കുവൈത്തിലെ ക്രൈസ്തവ വിശ്വാസി സമൂഹം പങ്കെടുത്തു. ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കാൻ നാട്ടിലെ ആത്മീയ നേതാക്കളും കുവൈത്തിൽ എത്തി.
സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ക്രിസ്മസ് പുതുവത്സര ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനാധിപനും, കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) പ്രസിഡൻറുമായ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി.
ഇന്ത്യൻ എംബസിക്ക് അവധി
കുവൈത്ത് സിറ്റി: ക്രിസ്മസ് കണക്കിലെടുത്ത് തിങ്കളാഴ്ച കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അടിയന്തര കോൺസുലാർ സേവനങ്ങൾ തടസ്സമില്ലാതെ തുടരും. മൂന്നു കോൺസുലാർ ആപ്ലിക്കേഷൻ സേവന കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.