കുവൈത്ത് സിറ്റി: കോവിഡ് കാലത്തെ കനത്ത ജോലി ഭാരവും മാനസിക സമ്മർദവും കാരണം നിരവധി നഴ്സുമാർ ജോലി രാജിവെക്കാൻ ഒരുങ്ങുന്നതായി വിവരം. ധാരാളം പേര് ജോലി രാജിവെച്ച് നാട്ടിൽപോകാനുള്ള അപേക്ഷ കൊടുത്തു.കഴിഞ്ഞയാഴ്ച 60 പേരാണ് ജാബിർ ആശുപത്രിയിൽ ജോലി രാജിവെക്കാൻ അപേക്ഷ സമർപ്പിച്ചത്. പലരും പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ്. കാനഡ, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ അനേകം രാജ്യങ്ങളിൽ യോഗ്യതാപരീക്ഷകളും മറ്റുമാനദണ്ഡങ്ങളും ലളിതമാക്കിയതാണ് അവിടേക്ക് ചേക്കേറാൻ പ്രഫഷനലുകളെ പ്രേരിപ്പിക്കുന്നത്. ചിലർ പ്രവാസം നിർത്തി നാട്ടിൽ പോവാൻ നോക്കുന്നു.
ഭേദപ്പെട്ട ശമ്പളം ഉണ്ടായിട്ടും ജോലി രാജിവെക്കുകയോ മറ്റിടങ്ങളിലേക്ക് ചേക്കേറാൻ ശ്രമിക്കുകയോ ചെയ്യുന്നതിന് പിന്നിൽ ജോലിഭാരവും മാനസിക സമ്മർദവുമാണ്.കുവൈത്തിൽ കോവിഡ് വ്യാപനം തുടങ്ങിയതോടെ മൂന്ന് ഷിഫ്റ്റുകളിലായി ജോലിചെയ്തുവന്നിരുന്ന നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ മുതൽ ഡോക്ടർമാരടക്കമുള്ളവർ ഇപ്പോൾ 12 മണിക്കൂറോളം തുടർച്ചയായി ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. മണിക്കൂറുകളോളം പി.പി.ഇ കിറ്റിനുള്ളിൽ തന്നെ കഴിച്ചുകൂട്ടുന്നതിനാൽ ഭക്ഷണം ഉൾപ്പടെ പ്രാഥമികവശ്യങ്ങൾ പോലും യഥാസമയത്ത് നിർവഹിക്കാനാവാതെ പ്രയാസപ്പെടുന്നു.
ഒരു വിഭാഗം ആരോഗ്യ ജീവനക്കാർക്ക് ക്വാറൻറീനിൽ പോവേണ്ടിവരുന്നത് ബാക്കിയുള്ളവരുടെ ജോലി ഭാരം ഇരട്ടിപ്പിക്കുന്നു. നേരത്തേ അവധിക്ക് നാട്ടിൽ പോയവർക്ക് തിരിച്ചുവരാൻ കഴിയാത്തതും തിരിച്ചടിയാണ്. ഇവരെ പ്രത്യേക വിമാനങ്ങളിൽ തിരിച്ചുകൊണ്ടുവരാൻ ആരോഗ്യമന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുണ്ട്.
ഏതാനും പേർ ഇതിനകം ഇങ്ങനെ തിരിച്ചെത്തി. കുടുംബം കൂടെയില്ലാതെ ജീവിക്കുന്ന ബഹുഭൂരിഭാഗം വരുന്ന ജീവനക്കാർക്ക് നാട്ടിൽ വാർഷികാവധിക്ക് പോകാനുള്ള അനുമതി അനന്തമായി നീളുകയാണ്. ജോലിഭാരത്തോടൊപ്പം ഇതുകൂടി വന്നപ്പോൾ കടുത്ത മാനസിക സമ്മർദത്തിലാണ് ഭൂരിഭാഗം പേരും കഴിയുന്നത്. കുടുംബത്തോടൊപ്പം താമസിക്കുന്നവർ പലരും കോവിഡ് ഭീതികാരണം കുടുംബത്തെ നാട്ടിലേക്കയച്ചുതുടങ്ങിയിട്ടുണ്ട്. കുടുംബത്തോടൊപ്പം കഴിയുന്നവർ മുറിയിലെത്തിയാൽ മക്കൾക്കും മാതാപിതാക്കൾക്കും തങ്ങളിലൂടെ കോവിഡ് ബാധയേൽക്കുമോ എന്ന ആധിയിലാണുള്ളത്.
ശൈത്യകാലം കൂടി വരുന്നതോടെ കോവിഡ് വ്യാപനം ഗണ്യമായി വർധിക്കാനും ജോലിഭാരം ഇരട്ടിക്കാനുമുള്ള സാധ്യത കൂടി മുന്നിൽ കാണുന്നു. ജീവൻ രക്ഷിക്കാനുള്ള സാമൂഹിക ദൗത്യം എന്ന നിലയിൽ കാണുന്നതുകൊണ്ടാണ് പ്രയാസം സഹിച്ചും ആരോഗ്യപ്രവർത്തകർ കഠിനാധ്വാനം ചെയ്യുന്നത്.കോവിഡ് പ്രതിരോധത്തിനായി കുവൈത്ത് ആരോഗ്യമന്ത്രാലയം കഠിനാധ്വാനം ചെയ്യുകയാണ്. അസാധാരണ സാഹചര്യത്തിൽ ജീവനക്കാരെ കൊണ്ട് അധിക ജോലി ചെയ്യിക്കാൻ അവർ നിർബന്ധിതരാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.