കുവൈത്ത് സിറ്റി: ലോക പ്രതിഭകളുടെ കൈയൊപ്പ് പതിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് ട്രോഫി വ്യാഴം,വെള്ളി ദിവസങ്ങളിൽ കുവൈത്തിലെ കാണികൾക്കു മുന്നിലെത്തും. ഐ.സി.സി പുരുഷ ഏകദിന ലോകകപ്പ് ട്രോഫി ടൂർ- 2023 ന്റെ ഭാഗമായാണ് കുവൈത്തിലും ട്രോഫി എത്തുന്നത്.
വ്യാഴാഴ്ച റാഡിസൺ ബ്ലൂ ഹോട്ടൽ, വെള്ളിയാഴ്ച സുലൈബിയ ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കും. ഹോട്ടലിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കുമാത്രമാകും പ്രവേശനം. സുലൈബിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതൽ ക്രിക്കറ്റ് ഫാൻസിനായി ട്രോഫി പ്രദർശിപ്പിക്കും. കുവൈത്തിലെ പ്രധാന സ്ഥലങ്ങളിൽ ട്രോഫിയുമായുള്ള പര്യടനവും ഉണ്ടാകും. ഗ്രാൻഡ് മോസ്ക്, കുവൈത്ത് ടവർ, ജാബിർ ബ്രിഡ്ജ്, സൂഖ് ഷർകിയ എന്നിവിടങ്ങളിൽ ട്രോഫി എത്തിക്കാനാണ് പദ്ധതി.
ഈ വർഷം ഒക്ടോബർ അഞ്ചുമുതൽ നവംബർ 19 വരെ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന്റെ മുന്നോടിയായാണ് ക്രിക്കറ്റ് ട്രോഫി ടൂർ. ലോകത്തെ 18 രാജ്യങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കുന്നുണ്ട്. ജി.സി.സിയിൽ കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലാണ് പ്രദർശനം. ലോകമെമ്പാടുമുള്ള പ്രശസ്തമായ ലാൻഡ്‌മാർക്കുകളിലെ പ്രദർശനത്തിനൊപ്പം അതതിടങ്ങളിലെ രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചകൾ, ക്രിക്കറ്റ് വികസന പരിപാടികളെ പിന്തുണക്കൽ എന്നിവക്കും ഐ.സി.സി രൂപം നൽകിയിട്ടുണ്ട്.
ഇന്ത്യ, ന്യൂസിലാൻഡ്, ആസ്ത്രേലിയ, യു.എസ്.എ, വെസ്റ്റ്ഇൻഡീസ്,പാകിസ്താൻ, ശ്രീലങ്ക,ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ പിന്നിട്ടാണ് ട്രോഫി കുവൈത്തിൽ എത്തുന്നത്. കുവൈത്തിൽ നിന്ന് ബഹ്റൈനിലേക്കാണ് ട്രോഫിയുടെ യാത്ര. 12,13 തീയതികളിൽ ബഹ്റൈനിൽ പ്രദർശിപ്പിക്കും. ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, മലേഷ്യ, യുഗാണ്ട, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും പ്രദർശനം കഴിഞ്ഞ് സെപ്റ്റംബർ നാലിന് ട്രോഫി ഇന്ത്യയിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.