കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാളിന്റെ മികച്ച ആസൂത്രണത്തിലും സംഘാടനത്തിലും ഖത്തറിനെ അഭിനന്ദിച്ച് കുവൈത്ത് മന്ത്രിസഭ. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കു സൗഹാർദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നൽകിയ ലോകകപ്പ് ഉദ്ഘാടന ചടങ്ങിന് മന്ത്രിസഭ ഖത്തറിനെ പ്രശംസിച്ചു. ടൂർണമെന്റ് വിജയം ഉറപ്പാക്കാനുള്ള തയാറെടുപ്പുകളെയും പരിശ്രമങ്ങളെയും അഭിനന്ദിക്കുന്നതായും മന്ത്രിസഭ വ്യക്തമാക്കി.
ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ അമീറിന്റെ പ്രതിനിധിയായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും ഉന്നത സംഘവും പങ്കെടുത്തിരുന്നു.
അമീറിന്റെ പ്രതിനിധിയായി കിരീടാവകാശി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് സംബന്ധിച്ച് വാർത്താവിതരണ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയും നടത്തിയ വിശദീകരണത്തോടെയാണ് മന്ത്രിസഭ സെഷൻ ആരംഭിച്ചതെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ബറാക് അൽ ഷൈതാൻ പറഞ്ഞു.
ഖത്തറിന്റെ സംസ്കാരം, മൂല്യങ്ങൾ, മറ്റുള്ളവരോടുള്ള ആദരവ് എന്നിവ പ്രതിഫലിപ്പിക്കുന്ന ഗംഭീരവും വർണാഭവുമായ ചടങ്ങുകളോടെയാണ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചതെന്ന് വാർത്താവിതരണ മന്ത്രി അടിവരയിട്ടു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സഹിഷ്ണുതക്കും സൗഹാർദത്തിനും സമാധാനത്തിനും വേണ്ടിയുള്ള ആഹ്വാനത്തെ അദ്ദേഹം അഭിനന്ദിച്ചു. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും കഴിഞ്ഞ ദിവസം ഖത്തറിനെ അഭിനന്ദിച്ചിരുന്നു.
നാഷനൽ ബാങ്ക് ഓഫ് കുവൈത്ത് ബോർഡ് അംഗങ്ങളുടെ നിയമനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. രാഷ്ട്രീയതടവുകാർക്ക് മാപ്പുനൽകുന്നത് സംബന്ധിച്ച അമീരി ഉത്തരവും ചർച്ചചെയ്ത് അംഗീകാരം നൽകി.
അറബ് മേഖലയിലെയും അന്താരാഷ്ട്ര തലങ്ങളിലെയും മറ്റുകാര്യങ്ങളും ചർച്ചയായി. ഇറാഖിലെ കുർദ് മേഖലയിലെ ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച യോഗം ഇറാഖിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. അത്തരം ആക്രമണങ്ങളെ എതിർത്ത മന്ത്രിസഭ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യുക്രെയ്ൻ തുറമുഖങ്ങളിൽനിന്നുള്ള ധാന്യ കയറ്റുമതി കരാർ നാലു മാസത്തേക്ക് പുതുക്കിയതിനെ മന്ത്രിമാർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.