കുവൈത്ത് സിറ്റി: സംഘർഷഭരിതമായ യമനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിന് യു.എൻ ചുമതലപ്പെടുത്തിയ ദൂതൻ ഇസ്മായിൽ വലദുശൈഖ് ദൗത്യ കാലാവധി പൂർത്തിയാക്കുന്നു. ഇതിന് മുന്നോടിയായി അദ്ദേഹം കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി ചർച്ച നടത്തി. സീഫ് പാലസിൽ ഞായറാഴ്ച ഉച്ചക്ക് നടന്ന ചർച്ചയിൽ യമൻ വിഷയത്തിൽ കുവൈത്തിൽ നടന്ന സമാധാന ചർച്ചകൾ ഇരുവരും അനുസ്മരിച്ചു. യമനുൾപ്പെടെ സംഘർഷ മേഖലകളിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അമീറിെൻറ ആഗ്രഹത്തെ വിലമതിക്കുന്നതായി ഇസ്മായിൽ വലദുശൈഖ് കൂട്ടിച്ചേർത്തു.
യമനിലെ ആഭ്യന്തര സംഘർഷം പരിഹരിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്ക് കുവൈത്താണ് ആതിഥേയത്വം വഹിച്ചത്. യമൻ ചർച്ചകൾക്കായുള്ള ഐക്യരാഷ്ട്രസഭ പ്രത്യേക ദൂതൻ ഇസ്മാഈൽ വലദുശൈഖ് അഹ്മദിെൻറ അധ്യക്ഷതയിൽ നിരവധി സിറ്റിങ്ങുകൾ നടന്നെങ്കിലും ഇരുപക്ഷവും സ്വന്തം നിലപാടിൽ ഉറച്ചുനിന്നതോടെ ചർച്ച വഴിമുട്ടുകയായിരുന്നു. 2016 ഏപ്രിൽ 21നാണ് ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ കുവൈത്തിൽ ചർച്ച തുടങ്ങിയത്.
ഇസ്മാഈൽ വലദുശൈഖ് അഹ്മദിെൻറ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ സർക്കാർ വിഭാഗം, ഹൂതി വിഭാഗമായ അൻസാറുല്ല, പീപ്പിൾസ് കോൺഗ്രസ് എന്നിവയുടെ പ്രതിനിധികളാണ് സംബന്ധിച്ചത്. വിവിധ തർക്കങ്ങൾമൂലം മൂന്നുവട്ടം മുടങ്ങിയശേഷം പുനരാരംഭിച്ച ചർച്ച രാഷ്ട്രീയം, സുരക്ഷ, തടവുകാർ എന്നീ വിഷയങ്ങൾക്കായി രൂപവത്കരിച്ച സംയുക്ത സമിതികളുടെ നേതൃത്വത്തിലാണ് മുന്നോട്ടുപോയത്.
ഹൂതികളും മുൻ പ്രസിഡൻറ് അബ്ദുല്ല അൽ സാലിഹിനെ പിന്തുണക്കുന്നവരും ചേർന്ന് പ്രത്യേക ഭരണസമിതി രൂപവത്കരിച്ചതോടെയാണ് ചർച്ച വഴിമുട്ടിയത്.
ഹൂതികളുടെ തന്നെ ആക്രമണത്തിൽ അബ്ദുല്ല അൽ സാലിഹ് കൊല്ലപ്പെട്ടത് പിന്നീടുള്ള ചരിത്രം. ഹൂതികളോടൊപ്പം ചേർന്ന് രണ്ടര വർഷത്തിലധികം അബ്ദുറബ്ബ് മൻസൂർ ഹാദിയുടെ നേതൃത്വത്തിലുള്ള ഒൗദ്യോഗിക സർക്കാറിനെതിരെ വിഘടന പോരാട്ടം നടത്തിയ അലി അബ്ദുല്ല സാലിഹ് വിഭാഗം ഹൂതികളുമായി ചേരിതിരിഞ്ഞ് പോരാടുകയായിരുന്നു. രൂക്ഷമായ സംഘർഷത്തിന് ഇതുവരെ അറുതിയായിട്ടില്ല. 6,400 ഓളം പേർ കൊല്ലപ്പെടുകയും 28 ലക്ഷത്തോളം പേർ അഭയാർഥികളാവുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.