കുവൈത്ത് സിറ്റി: ‘കോവിഡാനന്തര കേരളത്തിലെ സംരംഭകത്വ/ബിസിനസ് സാധ്യതകൾ’ തലക്കെട്ടിൽ യൂത്ത് ഇന്ത്യ കുവൈത്ത് നടത്തിയ രണ്ടാമത്തെ ശിൽപശാല സംരംഭകർക്കും സ്വന്തം സംരംഭം ആഗ്രഹിക്കുന്നവർക്കും പ്രതീക്ഷ നൽകി. ഒാൺലൈനായി നടത്തിയ പരിപാടിയിൽ കേരള സ്റ്റാർട്ടപ് മിഷൻ നോഡൽ ഓഫിസറും സംരംഭകത്വ പരിശീലകനുമായ ഡോ. നിഷാദ് ക്ലാസ് നയിച്ചു.സാധാരണക്കാരായ പ്രവാസി മലയാളികൾക്ക് നടപ്പാക്കാൻ പറ്റുന്ന നിരവധി സംരംഭങ്ങളും കേരളമുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള നിക്ഷേപ സാധ്യതകളും പരിചയപ്പെടുത്തി.ചെറുതും വലുതുമായ ബിസിനസ് സാധ്യതകളിലേക്ക് വെളിച്ചംവീശിയ പരിപാടി നിക്ഷേപ മേഖലയിൽ കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസവും പ്രാഥമികധാരണകളും നൽകി.
ഭക്ഷ്യസംസ്കരണവും വിപണനവും ടെക്സ്റ്റൈൽസ് ആൻഡ് ഫാഷൻ ടെക്നോളജി, ഫാമിങ്, ഫിഷറീസ്, അക്വാട്ടിക് ടെക്നോളജി, കയർ ഉൽപന്നങ്ങൾ, നിർമാണമേഖല, മെറ്റീരിയൽ, ഇലക്ട്രിക്കൽ- ഇലക്ട്രോണിക്കൽ മേഖലകളിൽ നവീന ആശയങ്ങളും ബന്ധപ്പെട്ട മേഖലയിൽ പരിശീലനവും നൽകുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് വിവരിച്ചു.കോവിഡാനന്തര കാലത്തെ വിദ്യാഭ്യാസ, ആരോഗ്യ സേവന മേഖലയിലെ സാധ്യതകളെ കുറിച്ചും വിശദമാക്കി. നിക്ഷേപരംഗത്തേക്ക് കടന്നുവരുന്നവർക്ക് ആവശ്യംവേണ്ട ഗുണങ്ങളും പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആവശ്യമായ മാർഗനിർദേശങ്ങളും നിയമവശങ്ങളും അവതരിപ്പിച്ചു.
സംരംഭകർക്ക് ലഭിക്കുന്ന സർക്കാർ സഹായങ്ങളും വിവിധ സാമ്പത്തിക സ്രോതസ്സുകളുടെ ഗുണദോഷങ്ങളും വ്യക്തമാക്കി. സംരംഭങ്ങൾ ആരംഭിക്കാനുദ്ദേശിക്കുന്നവർക്ക് തുടർ സഹായങ്ങളും വാഗ്ദാനം ചെയ്തു.
സൂം ആപ് വഴി ലൈവായി 190 പേർ പരിപാടിയിൽ പങ്കെടുത്തു. ഫേസ്ബുക്ക് ലൈവിലൂടെയും നിരവധി ആളുകൾ പരിപാടി കണ്ടു. യൂത്ത് ഇന്ത്യ പ്രസിഡൻറ് ഉസാമ അബ്ദുൽ റസാഖ് അധ്യക്ഷതവഹിച്ചു. ട്രഷറർ ഹശീബ് ചോദ്യോത്തര സെഷൻ മോഡറേറ്റ് ചെയ്തു. വൈസ് പ്രസിഡൻറ് മഹനാസ് മുസ്തഫ സ്വാഗതവും ജനറൽ സെക്രട്ടറി മുഹമ്മദ് ഫഹീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.