മസ്കത്ത്: മുന്തിരി കൃഷിക്കായി വലിയ മാതൃക ഫാം സ്ഥാപിച്ച് വടക്കൻ ശർഖിയയിൽ കാർഷിക രീതികളിൽ വിപ്ലവം സൃഷ്ടിക്കാൻ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ഒരുങ്ങുന്നു. 100 ഏക്കറിലായിരിക്കും ഫാം ഒരുക്കുക എന്ന് ഗവർണറേറ്റിലെ അഗ്രികൾച്ചറൽ ആൻഡ് വാട്ടർ റിസോഴ്സസ് ഡയറക്ടർ ജനറൽ എൻജിനീയർ സലിം ബിൻ സൗദ് അൽ കിന്ദി പറഞ്ഞു. ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനിയുടെയും (ഒമിഫ്കോ) അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ഫണ്ടിന്റെയും ധനസഹായത്തോടെ 2,00,000 റിയാൽ ചെലവിലാണ് ഫാം ഒരുക്കുക. വിള ഉൽപാദനം വൈവിധ്യവത്കരിക്കാനും പ്രാദേശിക കർഷകർക്ക് പിന്തുണ നൽകാനുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
കർഷകർക്കും ഗ്രാമീണ തൊഴിലാളികൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മാത്രമല്ല, മുന്തിരി കൃഷിയിൽ നിക്ഷേപം വർധിപ്പിക്കാനും അതുവഴി ഭക്ഷ്യസുരക്ഷ ഉയർത്താനുമാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. കാർഷിക ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കാനും ദേശീയ വരുമാനത്തിലേക്ക് സംഭാവന നൽകാനും ഇത് ശ്രമിക്കുന്നു. ആധുനിക കൃഷിയും ഉൽപാദന സാങ്കേതിക വിദ്യകളും ഉപയോഗിച്ച് പ്രത്യേക കർഷകർ ഈ ഫാമുകളിൽ സേവനമനുഷ്ഠിക്കുമെന്ന് കിന്ദി പറഞ്ഞു.
പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ ജലലഭ്യത വിലയിരുത്തുന്നതിനായി കിണർ കുഴിക്കാനുള്ള പര്യവേക്ഷണം, സൈറ്റ് തയാറാക്കൽ, മണ്ണ് വിശകലനം നടത്തൽ എന്നിവ ഉൾപ്പെടും. വേലി, വൈദ്യുതി വിതരണം, കിണറുകൾ, വാട്ടർ ടാങ്കുകൾ, ജലസേചന സംവിധാനങ്ങൾ തുടങ്ങിയ ഫാം അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നത് തുടർന്നുള്ള ഘട്ടത്തിൽ വരും.
അവസാന ഘട്ടത്തിൽ ഗ്രേപ് ട്രെല്ലിസ് സംവിധാനങ്ങൾ സ്ഥാപിക്കൽ, മുന്തിരി ഇനങ്ങൾ തിരഞ്ഞെടുത്ത് പ്രചരിപ്പിക്കൽ, കൃഷി, മുന്തിരി കൈകാര്യം ചെയ്യലിൽ തൊഴിൽ പരിശീലനവും നൽകും. മുന്തിരി ഉൽപാദനവും പാക്കേജിങ്ങും വർധിപ്പിക്കുന്നതിനായി മാർക്കറ്റിങ് ഗൈഡൻസ് പ്രോഗ്രാം വികസിപ്പിക്കാൻ മന്ത്രാലയം പദ്ധതിയിടുന്നുണ്ടെന്നും കിന്ദി പറഞ്ഞു.
വടക്കൻ ശർഖിയ ഗവർണറുടെ ഓഫിസുമായി സഹകരിച്ച് മുന്തിരി ഉത്സവവും ഇതിൽ ഉൾപ്പെടുന്നുണ്ട്. സുസ്ഥിരവും ലാഭകരവുമായ വിള കൃഷിയുടെ സാധ്യതകൾ പ്രദർശിപ്പിച്ച് ഗവർണറേറ്റിന്റെ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ ചുവടുവെപ്പാണ് ഈ സംരംഭം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.