മസ്കത്ത്: പത്താം ടേമിലേക്കുള്ള ശൂറ കൗൺസിൽ സ്പീക്കറെയും രണ്ട് ഡെപ്യൂട്ടിമാരെയും നവംബറിൽ തെരഞ്ഞെടുക്കുമെന്ന് സുപ്രീംകോടതി ഡെപ്യൂട്ടി ചെയർമാനും ശൂറ കൗൺസിൽ തെരഞ്ഞെടുപ്പിനുള്ള കമ്മിറ്റി ചെയർമാനുമായ ശൈഖ് അൽ മൊഖ്താർ അബ്ദുല്ല അൽ ഹർത്തി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫലങ്ങൾക്കെതിരായ അപ്പീലുകൾ 10 ദിവസത്തിനകം സമർപ്പിക്കാവുന്നതാണ്. അപ്പീൽ തീയതി മുതൽ 15 ദിവസത്തിനുള്ളിൽ കമ്മിറ്റി ഇത് പരിഗണിക്കുമെന്നും തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ശൂറ കൗൺസിലിലേക്ക് വിജയിച്ചവരിൽ 64 ശതമാനവും പുതുമുഖങ്ങളാണ്. ചില ഗവർണറേറ്റുകളിൽ 98 ശതമാനംവരെ വോട്ടിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയ വളരെ സുതാര്യതയോടെയാണ് നടന്നത്. ഇൻതിഖാബ് ആപ്ലിക്കേഷൻ വഴിയുള്ള വോട്ടിങ് വിജയകരമായിരുന്നു. വോട്ടിങ് പ്രക്രിയയിൽ 52 ശതമാനം പുരുഷന്മാരും 48 ശതമാനം സ്ത്രീകളും പങ്കാളികളായി. ചില ഗവർണറേറ്റുകളിൽ 98 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയതോടെ പത്താം ടേമിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനത്തിൽ വലിയ വർധനയുണ്ടായതായി തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി തലാൽ അൽ സാദി വിശദീകരിച്ചു.
മസ്കത്ത്: ശൂറ കൗൺസിലിന്റെ പത്താം ടേം തെരഞ്ഞെടുപ്പിന്റെ ഫലം ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 65.88 ശതമാനമാണ് പോളിങ്. 2019ലെ തെരഞ്ഞെടുപ്പുമായി (49 ശതമാനം പോളിങ്) താരതമ്യം ചെയ്യുമ്പോൾ വൻ കുതിച്ചുചാട്ടമാണ് ഇത്തവണ വോട്ടിങ്ങിലുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിജയത്തിന് സംഭാവന നൽകിയ പങ്കാളികളായ എല്ലാവർക്കും വോട്ട് ചെയ്ത പൗരന്മാർക്കും ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി നന്ദിയും അഭിനന്ദനവും അറിയിച്ചു. എറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് വടക്കൻ ബാത്തിന ഗവർണറേറ്റാണ്.
ഇവിടെ 94,809 ആളുകൾ സമ്മതിദാനം വിനിയോഗിച്ചെന്ന് ഇൻതിഖാബ് ആപ്ലിക്കേഷനിലെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. 76,003 ആളുകൾ വോട്ടു ചെയ്ത ദോഫാറാണ് രണ്ടാം സ്ഥാനത്ത്. തെക്കൻ ശർഖിയ (67,268), തെക്കൻ ബാത്തിന ബത്തിന (59,815), മസ്കത്ത് (51,627), ദാഖിലിയ (50,851), വടക്കൻ ശർഖിയ (45, 011), ദാഹിറ ഗവർണറേറ്റ് (16,502), അൽ വുസ്ത (13,234), ബുറൈമി (12,442), മുസന്ദം (8,717) എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ വോട്ട് ചെയ്തവരുടെ കണക്കുകൾ.
വനിത പ്രതിനിധികൾ ഇല്ല
മസ്കത്ത്: വോട്ടിങ് പ്രക്രിയയിൽ സ്ത്രീകൾ സജീവമായി പങ്കാളികളായിട്ടും ഒരു വനിതയും ഇത്തവണ ശൂറ കൗൺസിലിലേക്ക് തെരഞ്ഞെടുത്തില്ല. 90 സീറ്റുകളിലേക്ക് 32 സ്ത്രീകളുൾപ്പെടെ 843 സ്ഥാനാർഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ശൂറ കൗൺസിലിന്റെ ചരിത്രത്തിൽ ഇതുവരെയായി മൂന്നു ടേമുകളിലാണ് വനിത പ്രാതിനിധ്യം ഉണ്ടാകാതിരുന്നത്. ഒന്ന്, ആറ്, പത്ത് ടേമുകളിലാണ് ഒരു വനിതകൾപോലും ഇടം പിടിക്കാതിരുന്നത്.
കഴിഞ്ഞ ടേമിൽ രണ്ട് പ്രതിനിധികളുണ്ടായിരുന്നു. ശൂറ കൗൺസിലിൽ ഒരു ശതമാനം വനിത പ്രാതിനിധ്യം വേണമെന്ന് 2010ൽ കമ്മിറ്റി തീരുമാനിച്ചത് മുതൽ ‘ക്വോട്ട’ വിഷയം ചർച്ച ചെയ്യുന്നുണ്ട്. എന്നിരുന്നാലും, നിലവിൽ ഇത് നടപ്പിലാക്കാൻ നിർദേശമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി തലാൽ അൽ സാദി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മജ്ലിസ് ശൂറയിലെ വനിത
പ്രാതിനിധ്യ പട്ടിക
ഒന്നാം ടേം: 00
രണ്ടാം ടേം: 02
മൂന്നാം ടേം : 02
നാലാം ടേം: 02
അഞ്ചാം ടേം: 01
ആറാം ടേം: 00
ഏഴാം ടേം: 01
എട്ടാം ടേം: 01
ഒമ്പതാം ടേം: 02
പത്താം ടേം: 00
പത്താം മജ്ലിസ് ശൂറയിലേക്ക് ഇവർ
ഓരോ ഗവർണറേറ്റിലെ വിലായത്തുകളിൽനിന്നും ശൂറ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ ഇവരാണ്.
1. മസ്കത്ത് ഗവർണറേറ്റ്
മസ്കത്ത് വിലായത്ത്: ഖലീൽ ഖൽഫാൻ അൽ വാഹിബി. മത്ര വിലായത്ത്: ഹുസൈൻ മുഹമ്മദ് അൽ ലവതി, നജീബ് സാലിഹ് അൽ സെദ്ജാലി. ബൗഷർ വിലായത്ത്: മൻസൂർ ഖലീഫ അൽ സിയാബി അലി ഖൽഫാൻ അൽ ഹസനി. അമീറാത്ത് വിലായത്ത്: മുഹമ്മദ് റമദാൻ അൽ ബലൂഷി, ഇബ്രാഹിം ഖൽഫാൻ അൽ ഹാദി. ഖുറിയാത്ത് വിലായത്ത്: ജുമ സഈദ് അൽ വാഹിബി, സലിം ഹമൂദ് അൽ ഗമാരി. സീബ് വിലായത്ത്: അലി മൻസൂർ അൽ ഹാർത്തി അഹ്മദ് സഈദ് അൽ ബലൂഷി.
2. ദാഖിലിയ ഗവർണറേറ്റ്
നിസ്വ വിലായത്ത്: അഹ്മദ് നാസർ അൽ അബ്രി, അലി നാസർ അൽ ഹറാസി. മന വിലായത്ത്: മുഹമ്മദ് സലിം അൽ സുലൈമാനി. ജബൽ അഖ്ദർ വിലായത്ത്: ഹസ്സൻ അഹ്മദ് അൽ നബ്ഹാനി. ആദം വിലായത്ത്: സലിം ഹമദ് അൽ മഹ്റൂഖി. ബഹ്ല വിലായത്ത്: ഉമർ അലി അൽ ജുനൈബി, അബ്ദുല്ല അൽ വലീദ് അൽ ഹിനായി. അൽ ഹംറ വിലായത്ത്: ജമാൽ അഹമ്മദ് അൽ അബ്രി.
ഇസ്കി വിലായത്ത്: യൂനിസ് അലി അൽ മന്ദേരി, സാഹിർ സർഹാൻ അൽ അമ്രി. സമായിൽ വിലായത്ത്: മുഹമ്മദ് ഖമീസ് അൽ ഹുസൈനി, യൂനിസ് മുഹമ്മദ് അൽ സിയാബി. ബിദ്ബിദ് വിലായത്ത്: അഹമ്മദ് നാസർ അൽ സിയാബി, തലാൽ സഈദ് അൽ മുഹർബി.
3. മുസന്ദം ഗവർണറേറ്റ്
ഖസബ് വിലായത്ത്: അഹമ്മദ് അലി അൽ ഷിഹി. ബുഖ വിലായത്ത്: അബ്ദുല്ല അഹമ്മദ് അൽ മാലിക്. മദ്ഹ വിലായത്ത്: അഹമ്മദ് അലി അൽ സാദി. ദിബ വിലായത്ത്: മുഹമ്മദ് അലി അൽ ഷിഹി.
4. വടക്കൻ ബാത്തിന ഗവർണറേറ്റ്
സുഹാർ വിലായത്ത്: അബ്ദുല്ല അലി അൽ ബലൂഷി, ഖാലിദ് സുൽത്താൻ അൽ ജാബ്രി. ഷിനാസ് വിലായത്ത്: അബ്ദുല്ല സുറൂർ അൽ കഅബി, യൂസഫ് അഹമ്മദ് അൽ ബലൂഷി. ലിവ വിലായത്ത്: അഹമ്മദ് സഈദ് അൽ ശർഖി, സെയ്ഫ് ഖാലിദ് അൽ റീസി. സഹം വിലായത്ത്: യഹ്യ സായിദ് അൽ അബ്ദുസ്സലാം, മുഹമ്മദ് അലി അൽ ബലൂഷി. ഖാബൂറ വിലായത്ത്: സുൽത്താൻ ഹുമൈദ് അൽ ഹുസൈനി, ഉമർ അലി അൽ ഹുസൈനി. സുവൈഖ് വിലായത്ത്: സഈദ് ഹമദ് അൽ സാദി, ഹമദ് ഖമീസ് അൽ ജാദിദി.
5. തെക്കൻ ബാത്തിന ഗവർണറേറ്റ്
റസ്താഖ് വിലായത്ത്: ഹെമ്യാർ നാസർ അൽ ഹറാസി, ഖമീസ് ഹംദാൻ അൽ ഗഫ്രി. ബർക്ക വിലായത്ത്: യാസർ അലി അൽ മെബൈഹ്സി, വാലിദ് സലിം അൽ മാൽകി. മുസന്ന വിലായത്ത്: അമ്മാർ സലിം അൽ സാദി, അബ്ദുല്ല സഈദ് അൽ സാദി. നഖൽ വിലായത്ത്: ബദർ നാസർ അൽ ജാബ്രി. അൽ അവാബി വിലായത്ത്: താരിക് മുഹമ്മദ് അൽ ഖറൂസി. വാദി അൽ മആവൽ വിലായത്ത്: ഖാലിദ് ഹിലാൽ അൽ മാവാലി.
6. ബുറൈമി ഗവർണറേറ്റ്
ബുറൈമി വിലായത്ത്: ഹിലാൽ റാഷിദ് അൽ ഗൈത്തി, ഹുമൈദ് ജുമാഅ അൽ ഷംസി. മഹാദ വിലായത്ത്: സലിം അലി അൽ കാബി. സുനൈന വിലായത്ത്: ഹംദാൻ അലി അൽ മനേയ്.
7. ദാഹിറ ഗവർണറേറ്റ്
ഇബ്രി വിലായത്ത്: ഹുമൈദ് അലി അൽ നസ്രി, അബ്ദുൽ അസീസ് ഹംദാൻ അൽ ബലൂഷി. ധങ്ക് വിലായത്ത്: ഹമൂദ് അഹമ്മദ് അൽ യഹ്യായീ. യാങ്കുൾ വിലായത്ത്: അലി മുഹമ്മദ് അൽ അലാവി
8. വടക്കൻ ശർഖിയ ഗവർണറേറ്റ്
ഇബ്ര വിലായത്ത്: യഹ്യ സഈദ് അൽ മുസെൽഹി, അബ്ദുല്ല ഹമദ് അൽ ഹാർത്തി. സിനാവ് വിലായത്ത്: മുഹമ്മദ് നാസർ അൽ മഹ്റൂഖി. അൽ ഖാബിൽ വിലായത്ത്: യാക്കൂബ് മുഹമ്മദ് അൽ ഹാർത്തി. മുദൈബി വിലായത്ത്: നാസർ സുൽത്താൻ അൽ ഹബ്സി, ഹംദൂൻ ഹമൂദ് അൽ ഫസാരി. ബിദിയ വിലായത്ത്: മൻസൂർ സാഹിർ അൽ ഹജ്രി. വാദി ബാനി ഖാലിദ് വിലായത്ത്: ഹമൂദ് സഈദ് അൽ സാദി. ദിമ വതാഈൻ വിലായത്ത്: അബ്ദുല്ല മുഹമ്മദ് അൽ ഹംഹാമി.
9. തെക്കൻ ഗവർണറേറ്റ്
സൂർ വിലായത്ത്: താലിബ് ഖമീസ് അൽ ബലൂഷി, യൂസഫ് സലിം അൽ മുഖൈനി, അൽ കാമിൽ വ അൽ വാഫി വിലായത്ത്: അബ്ദുൽ അസീസ് റാഷിദ് അൽ ഹാഷിമി. ജഅലൻ ബാനി ബു ഹസ്സൻ വിലായത്ത്: സുലൈമാൻ അമീർ അൽ രജഹി, മുഹമ്മദ് അമീർ അൽ മഷൈഖി. ജഅലൻ ബാനി ബു അലി വിലായത്ത്: സഈദ് മുഹമ്മദ് അൽ സഈദി, നാസർ അബ്ദുല്ല അൽ സുനൈദി. മുസൈറ വിലായത്ത്: ഗാനിം സഈദ് അൽ മുജൈനി.
10. അൽ വുസ്ത ഗവർണറേറ്റ്
ഹൈമ വിലായത്ത്: ഖലീഫ മുഹമ്മദ് അൽ ഹർസൂസി. ദുകം വിലായത്ത്: താഹിർ മബ്ഖൗത്ത് അൽ ജുനൈബി. അൽ ജാസിർ വിലായത്ത്: മുഹമ്മദ് സഈദ് അൽ ജുനൈബി. മാഹുത്ത് വിലായത്ത്: അലി സലിം അൽ വിഹിബി.
11. ദോഫാർ ഗവർണറേറ്റ്
സലാല വിലായത്ത്: ഹമീദ് അവധ് സ്വഖ്റൂൻ, മുഹമ്മദ് ഹസൻ അൽ അൻസി. താഖ വിലായത്ത്: ഖുവൈദെം മുഹമ്മദ് അൽ മഷാനി, സദ വിലായത്ത്: സലിം അലി അൽ മഹ്രി. ധൽകൂത്ത് വിലായത്ത്: മുഹമ്മദ് മസൂദ് അൽ ഉബതാനി. റഖ്യൗത് വിലായത്ത്: അഹ്മദ് ബുഖൈത് അൽ ജഹ്ഫാലി. തുംറൈത്ത് വിലായത്ത്: അലി മുസല്ലം ഗവാസ്. മിർബാത്ത് വിലായത്ത്: മുഹമ്മദ് അലി അൽ അമ്രി. മക്ഷാൻ വിലായത്ത്: സുഹൈൽ സഈദ് അൽ ഷാഷെയ്. ഷാലിം-അൽ ഹലാനിയത്ത് ഐലൻഡ് വിലായത്ത്: യൂസഫ് മുഹമ്മദ് അൽ മഹ്രി. അൽ മസ്യൂന വിലായത്ത്: അഹമ്മദ് മോൺഷിർ ബൽഹാഫ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.