ഒമാന്‍െറ ദൃശ്യ പശ്ചാത്തലത്തില്‍  ‘നവല്‍ എന്ന ജ്യുവല്‍’ മലയാളം സിനിമ ഒരുങ്ങുന്നു

മസ്കത്ത്: ഒമാന്‍െറ ദൃശ്യപശ്ചാത്തലത്തില്‍ ‘നവല്‍ എന്ന ജ്യുവല്‍’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ശ്വേത മേനോന്‍ ആദ്യമായി ആണ്‍വേഷത്തിലഭിനയിക്കുന്ന ചിത്രത്തില്‍ ഹോളിവുഡിലെ ഇന്ത്യന്‍ സാന്നിധ്യമായ ലൈഫ് ഓഫ് പൈ ഫെയിം ആദില്‍ ഹുസൈനാണ് നായകന്‍. അണിയറയിലും അരങ്ങിലും നിരവധി മലയാളി താരങ്ങളും അണിനിരക്കുന്ന സിനിമ രഞ്ജി ലാല്‍ ദാമോദരനാണ് സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് താരമായ ഇറാഖി വംശജ റീം ഖാദിം ആദ്യമായി അഭിനയിക്കുന്ന മലയാളി ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. മസ്കത്തില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ സിഫക്ക് സമീപമായിരുന്നു ചൊവ്വാഴ്ചയിലെ ചിത്രീകരണം. കഴിഞ്ഞ 29 മുതലാണ് ഒമാനില്‍ ചിത്രീകരണം ആരംഭിച്ചത്. തിങ്കളാഴ്ച മത്ര സൂഖ് അടക്കം സ്ഥലങ്ങളിലും ഷൂട്ടിങ് നടന്നു. ശ്വേത മേനോന്‍ ആണ്‍വേഷമണിഞ്ഞുള്ള ഭാഗങ്ങളാണ് മത്ര സൂഖില്‍ ചിത്രീകരിച്ചത്. 
ഒരേ സമയം മലയാളത്തിലും ഇംഗ്ളീഷിലുമാണ് സിനിമ ഒരുങ്ങുന്നതെന്ന് സംവിധായകന്‍ രഞ്ജി ലാല്‍ ദാമോദരന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ലോക സിനിമയില്‍ ഇതുവരെ ആരും പറയാത്ത വിഷയമാണ് സിനിമക്ക് ആധാരം. ഇറാന്‍ സ്വദേശിയായ ഒരാള്‍ വിവാഹം കഴിക്കുന്ന മലബാര്‍ സ്വദേശിനിയുടെയും അവള്‍ക്കുണ്ടാകുന്ന  മകളുടെയും കഥയാണ് നവല്‍ എന്ന ജ്യുവല്‍. ഹോളീവുഡ് താരം റീ ഖാദിമാണ് നവലായി അഭിനയിക്കുന്നത്.  മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് ശ്വേതാമേനോന്‍െറ കഥാപാത്രം കടന്നുപോകുന്നത്. ഒരു വര്‍ഷം നീണ്ട മുന്നൊരുക്കങ്ങള്‍ക്കുശേഷമാണ് ചിത്രം ആരംഭിക്കുന്നതെന്ന് രഞ്ജിത്ത് ലാല്‍ പറഞ്ഞു.  സ്ത്രീ - പുരുഷ ബന്ധത്തിന്‍െറ കഥ പറയുന്ന സിനിമ ഒരേസമയം കലാമൂല്യമുള്ളതും വാണിജ്യ സിനിമയുമായിരിക്കും. 
ആണ്‍വേഷം അഭിനയിക്കുന്നതിന് നാലുമാസം സമയമെടുത്താണ് ശ്വേത ഒരുങ്ങിയത്. മൂന്നു നാലു മാസത്തോളമെടുത്ത് സ്ക്രിപ്റ്റ് നന്നായി മനസ്സിലാക്കിയാണ് റീ ഖാദിമും അഭിനയിക്കാനത്തെിയതെന്ന് സംവിധായകന്‍ പറഞ്ഞു. ഭദ്രനടക്കം നിരവധി സംവിധായകര്‍ക്കൊപ്പം സഹ സംവിധായകനായിരുന്ന രഞ്ജി ലാല്‍ ദാമോദരന്‍െറ രണ്ടാമത്തെ സിനിമയാണ്  ‘നവല്‍ എന്ന ജ്യുവല്‍’. 2006ല്‍ പുറത്തിറങ്ങിയ ‘എന്നിട്ടും’ ആയിരുന്നു ആദ്യചിത്രം.  ജോബി ജോര്‍ജാണ് ഛായാഗ്രാഹകന്‍. ജോബിയുടെ ആദ്യ ചിത്രമാണ്. രഞ്ജി ലാലും അമേരിക്കന്‍ മലയാളിയായ അലനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അലനും സിനിമയില്‍ മുഖ്യവേഷം ചെയ്യുന്നുണ്ട്. 
സുധീര്‍ കരമന, അഞ്ജലി ഉപാസന തുടങ്ങിയ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. രഞ്ജി ലാലും വി.കെ അജിത്കുമാറുമാണ് തിരക്കഥയും സംഭാഷണവും. റഫീഖ് അഹ്മദാണ് ഗാനരചന. 
അണിയറയിലെ മറ്റു മേഖലകളിലും മലയാളികള്‍തന്നെയാണ്. ഒമാനുശേഷം തൃശൂരും ഒറ്റപ്പാലത്തുമാണ് ബാക്കി ചിത്രീകരണം നടക്കുക. തമിഴ്, ഹിന്ദി, മലയാളം അടക്കം 20ഓളം ഇന്ത്യന്‍ സിനിമകളുടെ ചിത്രീകരണം ഒമാനില്‍ നടന്നിട്ടുണ്ട്. ജോണ്‍ ബ്രിട്ടാസ് നായകനായ ‘വെള്ളിവെളിച്ചത്തില്‍’ എന്ന മലയാളസിനിമ പൂര്‍ണമായും ഒമാനിലാണ് ചിത്രീകരിച്ചത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.