മസ്കത്ത്: ചരക്കുഗതാഗത രംഗത്ത് ബ്രിട്ടനില്‍നിന്ന് നിക്ഷേപം ക്ഷണിച്ച് ഒമാന്‍. ലണ്ടനില്‍ ചേര്‍ന്ന ഒമാന്‍ ബ്രിട്ടീഷ് സൗഹൃദ സമിതിയുടെ യോഗത്തിലാണ് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ഡോ. മുഹമ്മദ് അഹ്മദ് സലീം അല്‍ ഫുതൈസിയാണ് ഇക്കാര്യം പറഞ്ഞത്.
ഒമാന്‍ ചരക്കുഗതാഗത മേഖലയും വിനോദസഞ്ചാര മേഖലയും എന്ന വിഷയത്തില്‍ നടന്ന സമ്മേളനം ഈ മേഖലയിലെ വര്‍ധിക്കുന്ന നിക്ഷേപസാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് സഹായകരമാകുന്ന നിക്ഷേപാവസരങ്ങളും മനുഷ്യ വിഭവശേഷിയും തൊഴില്‍ പരിശീലനവുമടക്കം വിഷയങ്ങളും ചര്‍ച്ചക്ക് വന്നു. പൈതൃക സാംസ്കാരിക മന്ത്രി സയ്യിദ് ഹൈതം ബിന്‍ താരീഖ് അല്‍ സൈദിന്‍െറ നേതൃത്വത്തിലാണ് ഒമാനി സംഘം യോഗത്തിന് എത്തിയത്. ഒമാന്‍ എയര്‍പോര്‍ട്സ് മാനേജ്മെന്‍റ് കമ്പനിയും ബ്രിട്ടീഷ് മിന്‍സസ് കമ്പനിയും തമ്മിലുള്ള ഗ്രൗണ്ട് ഹാന്‍ഡ്ലിങ് രംഗത്തെ സുപ്രധാന കരാറില്‍ സയ്യിദ് ഹൈതം ഒപ്പിട്ടു. ലണ്ടന്‍ കാപിറ്റല്‍ ഡിസ്ട്രിക്ട് മേയര്‍ ലോര്‍ഡ് ആല്‍ഡര്‍മാന്‍ മൗണ്ട് ഇവാന്‍സ് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഒമാനും ബ്രിട്ടനും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദത്തെ പ്രകീര്‍ത്തിച്ച ബ്രിട്ടനിലെ ഒമാന്‍ അംബാസഡര്‍ ശൈഖ് അബ്ദുല്‍ അസീസ് അബ്ദുല്ലാഹ് സാഹിര്‍ ഹല്‍ ഹിനായി വരും കാലങ്ങളിലും ഏതു സാഹചര്യത്തിലായാലും ആ സൗഹൃദം തുടരുമെന്നും പ്രത്യാശിച്ചു. ഒമാനിലെ വിദേശ നിക്ഷേപകരില്‍ ബ്രിട്ടന് പ്രമുഖ സ്ഥാനമാണുള്ളത്. അതോടൊപ്പം, ഒമാന്‍െറ മികച്ച വാണിജ്യ പങ്കാളികളുമാണ് ബ്രിട്ടന്‍ എന്ന് അല്‍ ഹിനായി പറഞ്ഞു. ഒമാനിലെ ചരക്ക് ഗതാഗതരംഗത്തെയും 2040 വരെയുള്ള വികസന പദ്ധതികളെയും കുറിച്ചുള്ള വിഡിയോ പ്രസന്‍േറഷന്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ഡോ. മുഹമ്മദ് അഹ്മദ് സലീം അല്‍ ഫുതൈസി അവതരിപ്പിച്ചു. ഈ മേഖലയിലെ ദീര്‍ഘകാല നിക്ഷേപാവസരങ്ങളെ കുറിച്ചും പറഞ്ഞ മന്ത്രി ഒമാനിലെ മസ്കത്ത്, സലാല, ദുകം, റാസ് അല്‍ ഹദ്ദ്, സൊഹാര്‍ തുറമുഖങ്ങളില്‍ വികസന പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു.
ഈ വിമാനത്താവളങ്ങളെ ഭാവിയില്‍ റോഡ്, റെയില്‍ നെറ്റ്വര്‍ക്ക് മുഖേന തുറമുഖങ്ങളുമായി ബന്ധിപ്പിക്കാനും ആലോചനയുണ്ട്. ഇതുവഴി ഒമാന് പ്രാദേശികവും അന്തര്‍ദേശീയവുമായ ചരക്കുഗതാഗതത്തിന്‍െറ കേന്ദ്രമായി വളരാന്‍ കഴിയും. ഇത് മുന്‍നിര്‍ത്തി ചരക്കുഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കമ്പനികളുടെയും ഓഹരികള്‍ ഒമാന്‍ ലോജിസ്റ്റിക്സ് ഇന്‍റര്‍നാഷനല്‍ ഗ്രൂപ് എന്ന ഹോള്‍ഡിങ് കമ്പനിക്ക് കീഴിലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളും തുറമുഖങ്ങളും കേന്ദ്രീകരിച്ചുള്ള ചരക്കുഗതാഗത ഹബ്ബുകള്‍ സ്ഥാപിക്കാന്‍ വന്‍തുകയുടെ സ്വകാര്യ നിക്ഷേപം അനിവാര്യമാണ്.
അന്താരാഷ്ട്ര മാനദണ്ഡത്തിലുള്ള പ്രവര്‍ത്തനത്തിന് ഇതോടൊപ്പം ഉയര്‍ന്ന യോഗ്യതയും കഴിവും പരിശീലനവും നേടിയ മനുഷ്യവിഭവ ശേഷിയും അത്യാവശ്യമാണ്. ഇതുവഴി വര്‍ധിച്ച വ്യാപാരത്തിനും സാമ്പത്തിക വരുമാനത്തിനും സാധ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചരക്കുഗതാഗത രംഗത്ത് കഴിവുതെളിയിച്ചതും അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ചതുമായ നിരവധി കമ്പനികള്‍ ബ്രിട്ടനിലുണ്ടെന്ന് ബ്രിട്ടീഷ് ഗതാഗത മന്ത്രി ലോര്‍ഡ് താരീഖ് അഹ്മദ് പറഞ്ഞു. ഒമാനുമായി സഹകരിച്ച് സുല്‍ത്താനേറ്റിലെ ചരക്കുഗതാഗത രംഗം വികസിപ്പിക്കാന്‍ തങ്ങള്‍ ഒരിക്കലും മടിച്ചുനില്‍ക്കില്ല. കാര്യങ്ങള്‍ പഠിക്കുന്നതിനും അന്തിമ തീരുമാനം എടുക്കുന്നതിനുമായി വൈകാതെ സുല്‍ത്താനേറ്റ് സന്ദര്‍ശിക്കുമെന്നും ബ്രിട്ടീഷ്മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.