മസ്കത്ത്: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ-അധ്യാപന ജീവിതത്തിന് വിരാമമിട്ട് കണ്ണൂർ ന്യൂമാഹി സ്വദേശിയായ കെ.പി. മുഹമ്മദ് ബഷീർ നാട്ടിലേക്കു മടങ്ങുകയാണ്. 31 വർഷത്തെ പ്രവാസജീവിതത്തിൽ ഇന്ത്യൻ സ്കൂൾ മസ്കത്ത് ഇബ്ര കോളജ് ഓഫ് ടെക്നോളജി, യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ഓഫ് സയൻസ് എന്നിവയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിനാൽതന്നെ ഇന്ത്യക്കാരായ വിദ്യാർഥികളുടെയും രക്ഷിതാക്കളെയും എന്നപോലെ സ്വദേശികളുടെയും സ്നേഹവും ആദരവും നേടി ഏറെ സംതൃപ്തിയോടെയാണ് ബഷീർ മാഷ് മടങ്ങുന്നത്. മാഹി സർക്കാർ കോളജിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
1991ൽ ഒമാനിൽ വന്നു. ഇന്ത്യൻ സ്കൂൾ മസ്കത്തിലെ കോമേഴ്സ് വിഭാഗം മേധാവിയായാണ് നിയമനം ലഭിച്ചത്. ആറു വർഷം ഇവിടെ ജോലി ചെയ്തശേഷം 1996ൽ തൊഴിൽ മന്ത്രാലയത്തിൻ കീഴിലുള്ള ഇബ്ര കോളജ് ഓഫ് ടെക്നോളജിയിൽ നിയമനം ലഭിച്ചു.
ഈ സമയത്ത് സാമൂഹിക- സാംസ്കാരിക രംഗത്ത് സജീവമായി. മാഹി കൂട്ടായ്മ എന്ന പേരിൽ ചാരിറ്റി പ്രവർത്തനങ്ങളും നടത്തി. ആറു വർഷം ഇബ്ര ഇന്ത്യൻ സ്കൂളിലെ എസ്.എം.സി പ്രസിഡൻറുമായിരുന്നു. അക്കാലത്താണ് ഇവിടെ പത്താം ക്ലാസ് സി.ബി.എസ്.ഇ ആരംഭിക്കുന്നത്. അതുവരെ എട്ടാം ക്ലാസ് വരെയാണ് ഇവിടെ അധ്യയനം ഉണ്ടായിരുന്നത്.
പിന്നീട് 2008ൽ അൽ ഖുവൈറിലെ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ കോമേഴ്സ് വിഭാഗം വകുപ്പ് മേധാവിയായി സ്ഥലംമാറ്റം ലഭിച്ചു. വിരമിക്കുന്നതുവരെ അവിടെയായിരുന്നു. വലിയ ശിഷ്യസമ്പത്തിന് ഉടമയായ ഇദ്ദേഹത്തിെൻറ ഇന്ത്യക്കാരും സ്വദേശികളുമായ നിരവധി ശിഷ്യന്മാർ ഉന്നത സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.
ഇബ്രയിലെ ഔദ്യോഗിക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം അവിടത്തെ സ്വദേശികളുടെ മനസ്സ് നിറയ്ക്കുന്ന സ്നേഹംതന്നെയാണെന്ന് ബഷീർ പറയുന്നു. 30 വർഷം മുമ്പ് ഒമാൻ വളർച്ചയുടെ പാതയിലേക്ക് വരുന്ന സമയമാണ്. ലോകത്തിലെ എല്ലാവിധ മാറ്റങ്ങളെയും ഒമാൻ വളരെവേഗം ഉൾക്കൊണ്ടപ്പോഴും പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിക്കാൻ ഭരണാധികാരികളും ജനങ്ങളും ഏറെ ശ്രദ്ധിക്കുന്നു. അധ്യാപകൻ ആയതുകൊണ്ടാകാം എല്ലാവരും ഏറെ ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. വിശേഷ ദിവസങ്ങളിൽ അവരുടെ വീടുകളിലേക്ക് ക്ഷണിക്കുക പതിവായിരുന്നു -അദ്ദേഹം ഓർത്തെടുത്തു.
മസ്കത്തിലേക്ക് തിരിച്ചുവന്ന സമയത്ത് ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടറേറ്റിലേക്ക് രക്ഷിതാക്കളുടെ പ്രതിനിധിയായി മത്സരിച്ചു വിജയിച്ചു. ഈ സമയത്ത് സാമ്പത്തികകാര്യ സമിതി ഡയറക്ടറായും പ്രവർത്തിച്ചു. മാഹി കൂട്ടായ്മയുടെ കീഴിൽ ഒട്ടേറെ ജീവകാരുണ്യപ്രവർത്തനം ചെയ്യാൻ കഴിഞ്ഞെന്ന ചാരിതാർഥ്യത്തോടെയാണ് മടക്കം.
നാട്ടിൽ തിരികെ ചെന്നാലും വിദ്യാഭ്യാസപ്രവർത്തന രംഗത്തും, സാമൂഹികരംഗത്തും സജീവമായി നിൽക്കണം എന്നാണ് ആഗ്രഹം. സെറീനയാണ് ഭാര്യ. മക്കൾ: ഷബ്ന ഷിരീൻ ഡോക്ടറാണ്. ഫറിയ സുൽഫൈൻ, മുഹമ്മദ് ഹിഷാം എന്നിവരാണ് മറ്റു മക്കൾ. വെള്ളിയാഴ്ച രാത്രിയാണ് ബഷീർ മാഷ് നാട്ടിലേക്കു മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.