മസ്കത്ത്: പ്രാദേശിക വിപണിയിൽ മാമ്പഴത്തിന്റെ ലഭ്യത വർധിപ്പിക്കാൻ ലക്ഷ്യമിട്ട് മാമ്പഴത്തിന്റെ സുസ്ഥിര കൃഷിയിലേക്ക് ഒമാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം തെക്കൻ ബാത്തിനയിലെ ബർകയിൽ 80 ഹെക്ടറിൽ 1.25 ദശലക്ഷം റിയാലിന്റെ മാമ്പഴകൃഷിക്ക് തുടക്കം കുറിച്ചു.
മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള ഭക്ഷ്യസുരക്ഷ ലബോറട്ടറിയിൽനിന്നാണ് മാംഗോ പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് കമ്പനി വഴി ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ആഭ്യന്തര മാമ്പഴ ഉൽപാദനം വർധിപ്പിക്കുകയും പ്രാദേശിക വിപണിയിലെ കാർഷിക വിളവുകൾ വൈവിധ്യവത്കരിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വൈവിധ്യമാർന്ന ഉയർന്ന ഗുണമേന്മയുള്ള മാമ്പഴ വകഭേദങ്ങൾ ഉൽപാദിപ്പിക്കുന്നതിനായി സംയോജിത മാമ്പഴകൃഷി ഫാം ആരംഭിച്ചതായി കമ്പനി സി.ഇ.ഒ നാസർ ബിൻ ഹമദ് അൽ സിബായ് പറഞ്ഞു. നിയുക്ത പ്രദേശത്ത് മൊത്തം 17,000 മാമ്പഴത്തൈകൾ സ്ഥാപിക്കും.
ഇതിനകം 5,000 തൈകൾ നട്ടുപിടിപ്പിച്ചു. വർഷാവസാനത്തോടെ 5,000 മാവിൻതൈകൾ കൂടി നട്ടുപിടിപ്പിക്കുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. 2028 ആകുമ്പോഴേക്കും ഫാമിൽ പ്രതിവർഷം ഏകദേശം 3,600 ടൺ മാമ്പഴം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഈ കാർഷിക സംരംഭം ഒമാനി പൗരന്മാർക്ക് തൊഴിലവസരങ്ങൾ ഒരുക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.