മസ്കത്ത്: 'തബ്സീൽ' എന്നറിയപ്പെടുന്ന ഇൗത്തപ്പഴ വിളവെടുപ്പ് കാലത്തിന് ഒമാനിലെ ഏതാണ്ടെല്ലാ ഗ്രാമങ്ങളിലും പര്യവസാനമായി.ജൂലൈ ആദ്യം മുതൽ അവസാനം വരെയാണ് ഈത്തപ്പഴ വിളവെടുപ്പിെൻറയും അത് സംസ്കരിക്കുന്നതിെൻറയും സമയം. വിളവെടുത്ത ഈത്തപ്പഴങ്ങൾ സംസ്കരിച്ച് വിപണിക്ക് അനുയോജ്യമായ വിധത്തിലാക്കി മാറ്റുകയാണ് ചെയ്യുക.
സമീപകാലത്തൊന്നും ഇല്ലാത്ത കനത്ത വേനൽ ചൂടായിരുന്നു ഈ വർഷം ഒമാനിൽ അനുഭവപ്പെട്ടത്. കടുത്ത ചൂടുമൂലം ഈത്തപ്പഴത്തിന് ഈ വർഷം റെക്കോഡ് വിളവാണ് ലഭിച്ചത്. അസമയത്ത് കാലം തെറ്റിവരുന്ന മഴ പലപ്പോഴും ഈത്തപ്പഴ കർഷകരെ കണ്ണീരുകുടിപ്പിക്കാറുണ്ട്. എന്നാൽ, ഈ വർഷം അങ്ങനെയും ഉണ്ടായില്ല.
ഇത്തവണ ജൂണിൽതന്നെ ഈത്തപ്പഴം പറിക്കാൻ പാകമായി. സാധാരണ വിളവെടുപ്പും അനുബന്ധജോലികളും ഉത്സവാന്തരീക്ഷത്തിലാണ് നടക്കുക. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ ഇവരെല്ലാം ദിവസങ്ങളോളം ഇവർ ഒന്നിച്ചിരുന്നായിരിക്കും 'തബ്സീൽ' ആഘോഷിക്കുക.
ഇൗ സമയത്ത് പാട്ടും നൃത്തവും സുഭിക്ഷ ഭക്ഷണവും എല്ലാം കൂട്ടുണ്ടാകും. എന്നാൽ, കോവിഡ് സൃഷ്ടിച്ച സാമൂഹികാന്തരീക്ഷത്തിൽ കഴിഞ്ഞ രണ്ടു വർഷമായി തികച്ചും വേറിട്ട അന്തരീക്ഷത്തിലാണ് 'തബ്സീൽ' നടന്നത്. വെളുപ്പിന് നാല് മണിക്ക് തന്നെ പഴങ്ങൾ പറിക്കാനുള്ള തയാറെടുപ്പുകൾ ആരംഭിക്കും. ഏഴു മണിയോടെ ആ ദിവസത്തെ പഴങ്ങൾ പറിച്ചുകഴിയും. തുടർന്ന് നല്ല പഴങ്ങൾ വൃത്തിയാക്കി കഴുകി പുഴുങ്ങിയെടുത്ത് ഉണക്കിയെടുക്കുകയാണ് ചെയ്യുക. ഉണക്കിയ ശേഷം ഇത് പാക്കറ്റുകളിലാക്കി വിൽപനക്കായി കൈമാറുകയാണ് ചെയ്യുക.
ഗുണനിലവാരം അനുസരിച്ച് ന്യായമായ വില കർഷകർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർതല സംവിധാനം ഉണ്ട്. ഓരോ കർഷകെൻറയും ഭാവി പ്രതീക്ഷകളും കണക്കുകൂട്ടലുകളുമെല്ലാം ഈ വിളവെടുപ്പിനെ ആശ്രയിച്ചാണ്. തോട്ടത്തിൽ ജോലി ചെയ്യുന്ന ആളുകളും ഏറെ സന്തോഷത്തിലായിരിക്കും.
മലയാളികൾ അടക്കമുള്ളവരുണ്ടെങ്കിലും കൂടുതലും ബംഗ്ലാദേശികൾ ആണ് ഈ രംഗത്തുള്ളത്. ഇവർക്ക് സാധാരണ ലഭിക്കുന്ന കൂലിയുടെ മൂന്നിരട്ടിയാണ് വിളവെടുപ്പ് സമയത്തുലഭിക്കുന്ന കൂലി. മാത്രമല്ല, പഴങ്ങൾ വിറ്റുകഴിഞ്ഞ് പണം കിട്ടുന്ന സമയത്ത് മുതലാളിയുടെ വക പ്രത്യേക സമ്മാനവും കിട്ടും. അങ്ങനെ ഏതൊരു കാർഷിക ഉത്സവവും പോലെ 'തബ്സീലും' എല്ലാവർക്കും ആഹ്ലാദം പകരുന്ന ഒന്നാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.