സലാല: ഒരാഴ്ച മുമ്പ് മസ്കത്ത് - സലാല റോഡിൽ മഖ്ഷനിൽ നടന്ന വാഹനാപകടത്തിൽ മരിച്ച നാല് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നിയമ നടപടികൾ പൂർത്തിയാക്കി സലാലയിൽ മറവുചെയ്തു. മുംബൈ സ്വദേശികളായ ഷാഹിദ് ഇബ്രാഹിം (48), ഭാര്യ തസ്നി ഷാഹിദ് (48) മക്കളായ സീഷാൻ അലി ഷാഹിദ് (24), മെഹറിൻ ഷാഹിദ് (17) എന്നിവരുടെ മൃതദേഹമാണ് സലാലയിലെ ദാഹ് രീസിലുള്ള ഖബർസ്ഥാനിൽ മറവ് ചെയ്തത്.
പ്രവാസി വെൽഫെയർ പ്രവർത്തകരാണ് നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഖബറടക്കാൻ മുൻകൈയെടുത്തത്. സലാലയിൽ നിന്നും കെ.എം. ഹാഷിം, അബ്ദുല്ല മുഹമ്മദ്, മസ്കത്തിൽ നിന്നും സാജിദ് റഹ്മാൻ, കെ.എച്ച്. അബ്ദുറഹീം, സഫീർ, തുംറൈത്തിൽ നിന്നും ടിസ്സ പ്രസിഡന്റ് ഷജീർഖാൻ എന്നിവർ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തു.
ഈ അപകടത്തിൽ മരിച്ച നാല് യമൻ സ്വദേശികളുടെ ഖബറടക്കവും ഇന്നലെ നടന്നു. പെരുന്നാൾ അവധി ആഘോഷിക്കാൻ മസ്കത്തിൽ നിന്നും സലാലയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മഖ്ഷനിൽ തന്നെയുണ്ടായ മറ്റൊരു അപകടത്തിൽ മരിച്ച മാഹി സ്വദേശി മുഹമ്മദ് അഫ്ലഹിന്റെ മൃതദേഹവും നിയമനടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുപോയി. പ്രവാസി വെൽഫെയർ പ്രവർത്തകരാണ് നിയമനടപടികൾ പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.