സുഹാർ: യു.എ.ഇ യിലെ ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബജറ്റ് എയർലൈനായ എയർ അറേബ്യയുടെ ഷാർജ-സുഹാർ സർവിസിന് തിങ്കളാഴ്ചമുതൽ തുടക്കമാകും.
ബാത്തിന, ബുറൈമി മേഖലയിലെ പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് വിമാന സർവിസ്. എയർ അറേബ്യക്ക് കേരള സെക്ടിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഷാർജയിൽനിന്ന് കണക്ഷൻ സർവിസുണ്ട്.
ഒരിടവേളക്ക് ശേഷമാണ് എയർ അറേബ്യ സുഹാറിലേക്ക് സർവിസ് നടത്തുന്നത്. ആഴ്ചയിൽ തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലായി മൂന്ന് സർവീസുകളാണുള്ളത്. ഷാർജയിൽ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 9.15 ന് സുഹാറിൽ എത്തും.
ഇവിടെനിന്നും രാവിലെ പത്തിന് പുറപ്പെട്ട് ഷാർജയിൽ 10.40നും എത്തുന്ന രീതിയിലാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. തുടക്ക ദിവസം വിമാനത്തിൽ സീറ്റുകൾ ലഭ്യമല്ല. ഫുൾ ബുക്കിങ് എന്നാണ് കാണിക്കുന്നത്. ഫെബ്രവരി ആദ്യ ആഴ്ചയിൽ കാണിക്കുന്ന യാത്ര നിരക്ക് കൊച്ചി, തിരുവനന്തപുരം 43 റിയാലും കോഴിക്കോട്ടേക്ക് 66 റിയാലുമാണുള്ളത്. കേരളത്തിലേക്കുള്ള കണക്ഷൻ സർവിസിൽ കോഴിക്കോട് സെക്ടറിലേക്കാണ് കൂടുതൽ സമയം ഷാർജ വിമാന താവളത്തിൽ യാത്രക്കാർ കാത്ത് നിൽക്കേണ്ടത്. പത്ത് മണിക്കൂറിലേറെ താമസമുണ്ട് ഇവിടെ. കൊച്ചി, തിരുവനന്തപുരം വിമാന താവളത്തിലേക്ക് രണ്ട് മണിക്കൂറിൽ താഴെ സമയമേ എടുക്കുന്നുള്ളു. രണ്ട് തരം ടിക്കറ്റുകളാണ് വെബ് സൈറ്റിൽ കാണിക്കുന്നത്. ക്യാബിൻ ബാഗേജ് പത്ത് കിലോ മാത്രമുള്ളതും ചെക്കിൻ ബാഗേജ് മുപ്പത് കിലോ കൊണ്ടുപോകാൻ കഴിയുന്നതും. മിക്ക വിമാന കമ്പനികളും ഹാൻഡ് ബാഗേജ് ഏഴ് കിലോയിൽ പരിമിതപ്പെടുത്തുമ്പോൾ എയർ അറേബ്യ 10 കിലോ കൊണ്ടുപോകാൻ അനുവദിക്കുന്നുണ്ട്.
എയർ അറേബ്യയുടെ ചുവട് പിടിച്ചു സലാം എയർ അടക്കം കൂടുതൽ വിമാന സർവിസുകൾ സുഹാറിൽ എത്തും എന്നാണ് ഈ മേഖലയിൽ നിന്നുള്ള പ്രവാസികളുടെ പ്രതീക്ഷ.
യു.എ.ഇയിലെയും ഒമാനിലേയും സന്ദർശന വിസ പുതുക്കാനോ തൊഴിൽ വിസയിലേക്ക് മാറാനോ രാജ്യം വിടണം എന്ന നിയമം നിലവിൽ ഉള്ളത് കൊണ്ട് ഷാർജ വിമാനത്താവളവും സുഹാർ വിമനത്താവളവും ഉപയോഗിക്കുന്നവർ കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.