മസ്കത്ത്: അടുത്ത വർഷം ആഗോള വിമാന യാത്രക്കാരുടെ ഗതാഗതം വീണ്ടെടുക്കുന്ന നാഴികക്കല്ലായി മാറുമെന്നും 9.4 ശതകോടി യാത്രക്കാർ എത്തുമെന്നാണ് കരുതുന്നതെന്ന് ഇന്റർനാഷനൽ എയർപോർട്ട് കൗൺസിൽ എക്സിക്യൂട്ടിവ് ഡയറക്ടർ അഭിപ്രായപ്പെട്ടു. ഒമാൻ എയർപോർട്ട്സ് മസ്കത്തിൽ സംഘടിപ്പിച്ച എയർപോർട്ട് ഇന്നൊവേഷൻ കോൺഫറൻസ്-എക്സിബിഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈവർഷം ആഗസ്റ്റ് അവസാനത്തോടെ ആഗോള യാത്രക്കാരുടെ ഗതാഗതം 92 ശതമാനം വീണ്ടെടുത്തതായി ചടങ്ങിൽ സംസാരിച്ച ഒമാൻ എയർപോർട്ട് സി.ഇ.ഒ ശൈഖ് ഐമെൻ ബിൻ അഹമ്മദ് അൽ ഹുസ്നിയും പറഞ്ഞു.ഒമാൻ എയർപോർട്ട്സ്, എ.സി.ഐ, ഏഷ്യ-പസഫിക്, മിഡിലീസ്റ്റ്, യൂറോപ് എന്നിവക്കുള്ള റീജനൽ എയർപോർട്ട് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിച്ചത്. ഗതാഗത, വാർത്തവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജി. സഈദ്ബിൻ ഹമൂദ് അൽ മാവാലിയുടെ മേൽനോട്ടത്തിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലായിരുന്നു രണ്ടുദിവസത്തെ പരിപാടി നടന്നത്.
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള നിരവധി ഉന്നതർ, വ്യോമയാന, വിമാനത്താവള മേഖലയിലെ വിദഗ്ധരാണ് കോൺഫറൻസിൽ പങ്കെടുത്തു. ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളുടെ ഭാവിയിലെ ഏറ്റവും നൂതനമായ കാര്യങ്ങൾ, മുൻനിര സാങ്കേതികവിദ്യകൾ, തന്ത്രങ്ങൾ എന്നിവ കോൺഫറൻസ് ചർച്ച ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന എക്സിബിഷനിൽ വിമാനത്താവളങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന തങ്ങളുടെ ഏറ്റവും പുതിയ ഉൽപന്നങ്ങൾ 14 അന്താരാഷ്ട്ര സംഘടനകൾ പ്രദർശിപ്പിച്ചു. ഒമാനിലെ നിരവധി സ്റ്റാർട്ടപ്പ് ടെക്നോളജി കമ്പനികളും വ്യോമയാന, വിമാനത്താവളം എന്നിവയിലെ തങ്ങളുടെ നൂതനാശയങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.