സീബ്: പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞു സുഗന്ധദ്രവ്യം പൂശി പെരുന്നാൾ ദിനം പള്ളിയിലേക്ക് പോകുക എന്ന ശീലം പിന്തുടരുന്നത് ആഘോഷവേളയിലെ ഒഴിച്ചുകൂടാൻ പറ്റാത്തചര്യകളാണ്. പെരുന്നാൾ ആഗതമാകുമ്പോൾ അത്തർ, പെർഫ്യൂം, കുന്തിരിക്കം (ബുഹൂർ) എന്നിവ വിൽക്കുന്ന കടകളിൽ കച്ചവടം പൊടിപൊടിക്കും. സൂഖുകളിൽ ചെറുതും വലുതുമായ നിരവധി അത്തർ കടകളുണ്ട്. വ്യത്യസ്ത മണവും നിറവുമുള്ള നൂറുകണക്കിന് കുപ്പികളിൽ നിറച്ച പെർഫ്യൂമുകൾ വിൽപനക്കായി നിരത്തിയിരിക്കും. കൂടാതെ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന സുഗന്ധം ഏതുമായിക്കൊള്ളട്ടെ കടയിലെ പരിചയസമ്പന്നരായ ജീവനക്കാർ പല ചേരുവകളും മണവും പ്രത്യേക അളവിൽ സൂഷ്മമായി കൂട്ടിച്ചേർത്ത് അവ ഒരുക്കിത്തരും. അതിന് വിദഗ്ധരായ ജീവനക്കാർ ഇവിടെയുണ്ട്. സ്വദേശികൾക്ക് കുന്തിരിക്കം തന്നെയാണ് അന്നും ഇന്നും പ്രിയം. അറേബ്യൻ സുഗന്ധങ്ങളിൽ ചെലവ് ഏറെയുള്ളതും വിലകൂടിയതും കൂടുതൽ വിറ്റുപോകുന്നതും കുന്തിരിക്കം ചേർത്ത സുഗന്ധങ്ങളാണെന്ന് സീബ് സൂഖിൽ അത്തർ കട നടത്തുന്ന കാസർകോട് മൊഗ്രാൽ സ്വദേശി മുഹമ്മദ് സിയാദ് പറയുന്നു. തെക്ക് കിഴക്ക് ഏഷ്യയിലും മിഡിലീസ്റ്റിലും വളരുന്ന ഒരു പ്രത്യേകതരം മരത്തിൽനിന്നാണ് കുന്തിരിക്കം വേർതിരിച്ചെടുക്കുന്നത്. സലാല കുന്തിരിക്കം വിപണിയിൽ വിൽപന ഏറെയുള്ള സുഗന്ധമാണ്.
വിലകൂടിയ കുന്തിരിക്കം മറ്റു അസംസ്കൃത സാധനങ്ങൾ കൂടി ചേർത്ത് നേർപ്പിച്ചും അതിനെ സുഗന്ധ ഉൽപന്നമാക്കി മാറ്റി സാധാരണ വിലയ്ക്ക് വിൽക്കാൻ പാകത്തിൽ വിപണിയിലെത്തിക്കുന്നു. പെരുന്നാളിനും മറ്റു ആഘോഷങ്ങളിലും കുന്തിരിക്ക ധൂമത്തിലൂടെ പുറത്തേക്ക് വരുന്ന ഗന്ധം ഒരു പ്രത്യേക ആത്മീയ അനുഭൂതി ഉണ്ടാക്കും. ഊദ്, ഊദ് എണ്ണ എന്നിങ്ങനെയുള്ള സാധനങ്ങൾക്ക് മാർക്കറ്റിൽ നല്ല വിലയാണ്. കംബോഡിയ, തായ്ലൻഡ്, മലേഷ്യ എന്നീ ഉഷ്ണമേഖല ഏഷ്യൻ രാജ്യങ്ങളിൽ വളരുന്ന തദ്ദേശീയ വൃക്ഷമായ ഇനമായ അക്വിലേറിയ എന്ന മരത്തിൽ നിന്നാണ് ഊദ് എണ്ണ വേർതിരിച്ചെടുക്കുന്നതെന്ന് ഊദ് വിൽപന രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന സീബ് സൂക്കിലെ മാഹി സ്വദേശി നൗഫൽ പുനത്തിൽ പറയുന്നു. പ്രത്യേക മരക്കഷണങ്ങളിൽ സുഗന്ധ തൈലം പൂശി വീട്ടിൽ പുകക്കുക എന്നരീതിയിൽ സ്വദേശികൾ കൂടുതൽ വാങ്ങിക്കുന്ന ഉൽപന്നങ്ങൾ വിൽപനക്കുണ്ട്. ഇതിന് വലിയ ഡിമാൻഡാണ്.കുപ്പികളിൽ തയാറാക്കി വെച്ചിരിക്കുന്ന പെർഫ്യൂമുകളേക്കാൾ അവർ പറയുന്ന സുഗന്ധം അപ്പോൾ തന്നെ ഉണ്ടാക്കി വാങ്ങുന്ന രീതിയാണ് ഒമാനികൾക്കുള്ളത്.
ചേരുവകൾ ചേർത്ത് ഉണ്ടാക്കുന്നതിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്നത് കിസ്സ എന്ന സുഗന്ധതൈലമാണ് കച്ചവടക്കാർ പറയുന്നു. അത്തർ സുഗന്ധത്തിൽ ഇപ്പോഴും ആവശ്യക്കാർ ഏറെയുള്ളത് പഴയ ബ്രാൻഡ് ആയ അജ്മലിന്റെ അലിഫ് ലൈല വലൈല, ഹറമൈന്റെ ലൈലത്തുൽ അഹ്ലലാമ്, എക്സലന്റ് എന്നിവയാണ്, പെർഫ്യൂമിൽ മഹലത്ത് ഗഹലൂദ്, ശംസ്, സിയാൻ എന്നിങ്ങനെ പഴയ സുഗന്ധം തന്നെയാണ് കൂടുതൽ ഇഷ്ടം.സൂഖിൽ എത്തുന്നവരെ സുഗന്ധം കൊണ്ട് സ്ഥാപനത്തിലേക്ക് അടുപ്പിക്കുന്ന രീതിയിൽ തന്നെയാണ് കച്ചവടതന്ത്രം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.