മസ്കത്ത്: പ്രവാസലോകത്തെ നാടകപ്രവർത്തനങ്ങളിലെ മികവ് പരിഗണിച്ച് ഭാരത് സർക്കാറിന്റെ ഭാരത് സേവാ സമാജ് നൽകുന്ന ‘ഭാരത് സേവാ ഹോണർ നാഷനൽ അവാർഡ്’ അൻസാർ ഇബ്രാഹിം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഭാരത് സേവക് സമാജിലെ ചീഫ് മെന്റർ ഡോ.ഡാർലി ഉമ്മം കോശിയിൽനിന്നാണ് അവാർഡ് സ്വീകരിച്ചത്. കൊല്ലം സ്വദേശിയായ അൻസാർ ഇബ്രാഹിം കഴിഞ്ഞ 14 വർഷമായി ഒമാനിലെ ഇന്ത്യൻ സ്കൂൾ മസ്കത്തിൽ അധ്യാപകനായി ജോലി ചെയ്യുകയാണ്.
പുരോഗമന കലാസാഹിത്യ സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയിൽകൂടി നാടകയാത്രകൾക്ക് തുടക്കം കുറിച്ച ഇദ്ദേഹം 2015യിൽ നാടക പ്രവർത്തനങ്ങൾക്കായി തിയറ്റർ ഗ്രൂപ് മസ്കത്ത് എന്ന നാടക സംഘടനക്ക് രൂപം നൽകി പ്രവർത്തിച്ചുവരുന്നു. നാടകാചാര്യൻ തോപ്പിൽ ഭാസിയുടെ അശ്വമേധം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, മുടിയനായ പുത്രൻ ഫ്രാൻസിസ് ടി. മാവേലിക്കരയുടെ ‘അസ്തമിക്കാത്ത സൂര്യൻ’, ജയ്പാൽ ദാമോദറിന്റെ ‘കടലാസുതോണി’, മണ്ണടയാളം എന്നിവ ഇതിനോടകം മസ്കത്തിലെ വേദികളിൽ അവതരിപ്പിച്ചു. തിയറ്റർ ഗ്രൂപ്പിന്റെ ഈ വർഷത്തെ നാടകം ‘സഫലമീ യാത്ര’ ഡിസംബർ 15ന് അൽഫലാജ് ഹോട്ടലിൽ അരങ്ങേറും.
നാടകവഴികളിൽ അരങ്ങിലും അണിയറയിലും തന്നോടൊപ്പം സഞ്ചരിച്ച എല്ലാ നാടകബന്ധുക്കൾക്കുമായി പുരസ്കാരം സമർപ്പിക്കുന്നതായി അൻസാർ ഇബ്രാഹിം പറഞ്ഞു. അവാർഡ് നേടിയ അൻസാർ ഇബ്രാഹിമിനെ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം ഓണാഘോഷ വേദിയിൽ പുരസ്കാരം നൽകി ആദരിച്ചു.
അദ്ദേഹത്തിന്റെ അഭാവത്തിൽ ഭാര്യ രഹ്ന അൻസാർ പിന്നണി ഗായകൻ രതീഷ് പല്ലവിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.