മസ്കത്ത്: ചൈനീസ് നഗരമായ ഹാങ്ഷൗവിൽ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ടുവരെ നടക്കാനിരിക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ ഒമാനെ പ്രതിനിധീകരിച്ച് 44 പുരുഷ-വനിതാ കായികതാരങ്ങൾ പങ്കെടുക്കും. ഒമാനി ഒളിമ്പിക്സ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡിനെ തുടർന്ന് 2022ൽ നടത്താനിരുന്നു ഗെയിംസ് ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
45 രാജ്യങ്ങളിൽ നിന്നുള്ള 12,400 പേർ താരങ്ങളാണ് മേളയിൽ മാറ്റുരക്കുക. ടൂർണമെന്റിൽ പങ്കെടുക്കുന്ന ദേശീയ ടീമുകളുടെ പ്രതിനിധികളുമായി ഒമാൻ ഒളിമ്പിക് കമ്മിറ്റി നടത്തിയ കൂടിക്കാഴ്ചയിൽ പങ്കാളിത്തവുമായി ബന്ധപ്പെട്ട സാങ്കേതിക വിശദാംശങ്ങൾ അവലോകനം ചെയ്തു.
ടൂർണമെന്റിനിടെ ചൈനയിൽ നടപ്പിലാക്കുന്ന നടപടിക്രമങ്ങൾ, മത്സരങ്ങളുടെ സാങ്കേതിക വിശദാംശങ്ങൾ, അവയുടെ ഷെഡ്യൂൾ, സ്ഥലങ്ങൾ, ചൈനയിലേക്കുള്ള യാത്രക്ക് മുമ്പ് ആവശ്യമായ കാര്യങ്ങൾ തുടങ്ങിയവയാണ് ചർച്ച ചെയ്തത്.
കൂടാതെ, കോവിഡ് തടയുന്നതിനുള്ള നടപടിക്രമങ്ങളും കായിക ടീമുകളുടെയും അഡ്മിനിസ്ട്രേറ്റീവ്, സാങ്കേതിക ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ കാര്യങ്ങളും അവലോകനം ചെയ്തു. ടൂർണമെന്റിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും അഡ്മിനിസ്ട്രേറ്റീവ് മിഷൻ പൂർത്തിയാക്കിയതായി ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറലും സെഷനിൽ പങ്കെടുക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ തലവനുമായ താഹ ബിൻ സുലൈമാൻ അൽ കോഷാരി പറഞ്ഞു.
ദേശീയ ഷൂട്ടിങ് ടീം ചൈനയിലേക്ക് പുറപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.