മസ്കത്ത്: ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഒമാൻ ആദ്യ മെഡൽ സ്വന്തമാക്കി. പായക്കപ്പലോട്ട മത്സരത്തിലെ ഇ.ആർ വിഭാഗത്തിൽ ടീം മുസാബ് അൽ ഹാദിയും വാലിദ് അൽകിന്ദിയുമാണ് സുൽത്താനേറ്റിന് വെള്ളിമെഡൽ നേടി ചരിത്രത്തിലേക്ക് കപ്പലോടിച്ച് കയറിയത്. അവസാന മത്സരങ്ങളിൽ നടത്തിയ പ്രകടനമാണ് മെഡലിലേക്ക് എത്താൻ സഹായകമായത്. ഇതോടെ ഡിസംബറിൽ തായ്ലൻഡിലെ ചോൻ ബുരിയിൽ നടക്കുന്ന ഏഷ്യൻ യോഗ്യത റെഗറ്റയിലേക്ക് ടീം യോഗ്യത നേടുകയും ചെയ്തു. ഇവിടെ മികച്ച പ്രകടനം നടത്തി പാരിസ് 2024 ഒളിമ്പിക്സിലേക്ക് യോഗ്യത നേടാനായിരിക്കും ഇരുവരും ശ്രമിക്കുക.
ഏഷ്യൻ ഗെയിംസിന് മുന്നോടിയായി നടത്തിയ ശക്തമായ തയാറെടുപ്പിന്റെയും തുടർച്ചയായ പരിശീലനത്തിന്റെയും ഫലമാണ് ഈ നേട്ടമെന്ന് ഒമാൻ സെയിലിന്റെ മുഖ്യ പരിശീലകൻ ഹാഷിം ബിൻ ഹമദ് അൽറാഷിദി പറഞ്ഞു. മത്സരത്തിലുടനീളം ഫോക്കസ് നിലനിർത്താൻ സാധിച്ചു. ഏഷ്യൻ ഭൂഖണ്ഡത്തിലുടനീളമുള്ള പ്രമുഖ പ്രഫഷനലുകൾക്കെതിരെയുള്ള മത്സരം ശക്തമായ പരീക്ഷണം തന്നെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി ഒരു വെള്ളി മെഡൽ നേടാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് മുസാബ് അൽഹാദി പറഞ്ഞു. ഈ നേട്ടം ഞങ്ങളുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിനും ഈ യാത്രയിൽ ഞങ്ങളെ പിന്തുണച്ചവർക്കും ഒമാൻ സെയിലിലെ സാങ്കേതിക ജീവനക്കാർക്കും സഹപ്രവർത്തകർക്കും സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അത്ലറ്റിക്സ്, ഭാരോദ്വഹനം, വാട്ടർ സ്പോർട്സ്, ഷൂട്ടിങ്, സെയിലിങ്, ബീച്ച് വോളിബാൾ, ഹോക്കി എന്നിവയുൾപ്പെടെ ഏഴ് കായിക ഇനങ്ങളിലായി 44 ആൺ-പെൺ അത്ലറ്റുകളാണ് ഒമാനെ പ്രതിനിധീകരിച്ച് മാറ്റുരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.