മസ്കത്ത്: രാത്രി വൈകുവോളം ജോലിയില്‍ തുടരുന്ന പ്രവാസികള്‍ക്ക് നബിദിനാഘോഷങ്ങളുടെ ഗൃഹാതുര അനുഭവങ്ങളും നാട്ടോര്‍മകളും പങ്കുവെക്കുന്നതിന് വീണ്ടും വേദിയൊരുക്കി ‘കഫെ പള്‍സ്'. ഐ.സി.എഫും റൂവി അല്‍ കൗസര്‍ മദ്റസയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. റസ്റ്റാറന്റ്, കോഫിഷോപ്പ്, ഫുഡ്സ്റ്റ്ഫ്, ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അപൂര്‍വ സംഗമമായി പരിപാടി മാറി.
കഫേ പള്‍സിന്റെ മൂന്നാമത് പതിപ്പാണ് ഇത്തവണ അരങ്ങേറിയത്. റൂവി അല്‍ ഫവാന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മദ്റസ കാലയളവില്‍ പഠിച്ച പാട്ടുകള്‍ സദസ്യര്ക്കുമുന്നില് അവതരിപ്പിച്ചും ഗൃഹാതുര ഓര്‍മകളിലേക്കുള്ള മടങ്ങിപ്പോക്ക് കൂടിയായി. മദ്ഹ് ഗാനങ്ങളും മാപ്പിളപ്പാട്ടുകളും ആലപിച്ചും പറഞ്ഞും ആനന്ദകരമായ നിമിഷങ്ങള്‍ പങ്കുവെച്ചു.
വിവിധ നാടുകളിലെ വ്യത്യസ്തങ്ങളായ നബിദിന പരിപാടികളും മറ്റും ഹോട്ടല്‍ തൊഴിലാളികള്‍ പങ്കുവെച്ചത് മറ്റു നാടുകളെ സംബന്ധിച്ച് അറിയാനും പഠിക്കാനുമുള്ള വേദി കൂടിയായി. വിനോദങ്ങള്‍ക്ക് അവസരം ലഭിക്കാത്ത ഹോട്ടല്‍ തൊഴിലാളികള്‍ക്ക് അവരുടെ ജോലിക്കുശേഷമുള്ള സൗകര്യപ്രദമായ സമയത്താണ് പരിപാടി നടത്തിയത്.
രാവിലെ മുതല്‍ പാതിരാവോളം ജോലി ചെയ്തു ഉറങ്ങാന്‍ വേണ്ടി മാത്രം റൂമിലേക്ക് എത്തുന്ന ദിനചര്യയില്‍ നിന്നുള്ള ഒരു മുക്തി കൂടിയായി ഈ സംഗമം.
മീലാദ് പരിപാടികളില്‍ പ്രവാസി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ പങ്കുകൊള്ളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. 'കഫെ പള്‍സി'ല്‍ പരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും പങ്കെടുത്തവര്‍ക്കും സമ്മാനങ്ങളും വിതരണം ചെയ്തു.
ഐ.സി.എഫ് ഒമാന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസിക്ക് ഹാജി ഉദ്ഘാടനം ചെയ്തു. റഫീഖ് സഖാഫി പ്രഭാഷണം നടത്തി. റഫീഖ് ധര്‍മടം, ജാഫര്‍ ഓടത്തോട്, മുഹമ്മദ് അലി , അബ്ദുറഷീദ് നിര്‍വേലി, കാസിം ചാവക്കാട്, ഇസ്മായില്‍ സഖാഫി, ഹനീഫ് സഖാഫി, അബ്ദുറഹ്മാന് ലത്തീഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.