സി.ബി.എസ്.ഇ പരീക്ഷ ഫലം വൈകുന്നു; വിദ്യാർഥികൾ ആശങ്കയിൽ

മസ്കത്ത്: സി.ബി.എസ്.ഇ പത്ത്, 12 ക്ലാസുകളിലെ പരീക്ഷഫലം വൈകുന്നത് ഒമാനിലടക്കമുള്ള വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തുന്നു. ഈ മാസം അവസാനത്തോടെ മാത്രമാണ് ഫലം വരുകയെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതുസംബന്ധമായ അറിയിപ്പൊന്നും സി.ബി.എസ്.ഇ അധികൃതരിൽ ലഭിച്ചിട്ടില്ല.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ഏപ്രിൽ 26 മുതൽ മേയ് 24 വരെയും 12ാം ക്ലാസ് പരീക്ഷ ഏപ്രിൽ 26 മുതൽ ജൂൺ 15 വരെയുമാണ് നടന്നത്.

കേരളം അടക്കമുള്ള വിവിധ സംസ്ഥനങ്ങളിലെ സ്റ്റേറ്റ് സിലബസ് പരീക്ഷ ഫലങ്ങൾ കഴിഞ്ഞ മാസംതന്നെ പുറത്തുവന്നിരുന്നു. ഇതോടെ കേരളത്തിൽ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. കേരളത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടികളും പൂർത്തിയാവുകയാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.

ഫലം വൈകുന്നത് ഏറെ ആശങ്കയിലാക്കുന്നത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ തുടർപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെയും രക്ഷിതാക്കളെയുമാണ്. ഒമാനിലെ തൊഴിൽമേഖലയിലെ പ്രശ്നങ്ങൾ അടക്കമുള്ള നിരവധി കാരണങ്ങളാൽ പല രക്ഷിതാക്കളും കുട്ടികളെ നാട്ടിലേക്ക് അയക്കാൻ ശ്രമിക്കുന്നുണ്ട്. ഇവർക്ക് സി.ബി.എസ്.ഇ പരീക്ഷ ഫലം വൈകുന്നതിനാൽ സ്റ്റേറ്റ് സ്കൂളുകളിൽ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാൻ സാധ്യതയില്ല. കേരളത്തിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ പ്ലസ് വണ്ണിന് തുടർ പഠനം നടത്തണമെങ്കിൽ നല്ല കോഴ നൽകേണ്ടിയുംവരും. കുട്ടികളുടെ പ്രവേശനത്തിന് നാട്ടിൽ പോയ പല രക്ഷിതാക്കളും വെള്ളം കുടിക്കുകയാണ്. കേരളത്തിലെ കോളജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശന നടപടികൾ ആരംഭിച്ചുകഴിഞ്ഞതോടെ ഒമാനിലും മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നും 12ാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികളും തീ തിന്നുകയാണ്. ഒമാനിൽ ഉന്നത വിദ്യാഭ്യാസത്തിന് സാധ്യതകൾ കുറവായിരിക്കെ 12ാം ക്ലാസുകാർക്ക് നാട്ടിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ മാത്രമാണ് ആശ്രയം.

പരീക്ഷഫലം വൈകുന്നത് കേരളത്തിലെ പഠന സാധ്യതക്കാണ് മങ്ങലേൽക്കുന്നത്. ഇത്തരക്കാരിൽ പലർക്കും ഉയർന്ന ഫീസ് നൽകി കേരളത്തിന് പുറത്തുപോയി പഠിക്കേണ്ടിവരും.

പരീക്ഷ ഫലത്തിന്‍റെ കാര്യത്തിലും കുട്ടികളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഏപ്രിലിലെ പരീക്ഷക്ക് പുറമെ കഴിഞ്ഞ നവംബർ, ഡിസംബർ മാസത്തിലും സി.ബി.എസ്.ഇ പൊതു പരീക്ഷ നടത്തിയിരുന്നു. ഇതിൽ ഏത് മാർക്കാണ് പരീക്ഷ ഫലത്തിന് പരിഗണിക്കപ്പെടുക എന്നതിനും വ്യക്തതയില്ല. ഇതുസംബന്ധമായി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. അതിനാൽ പരീക്ഷകളിലെ മാർക്കുകളിലും കുട്ടികളിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.

Tags:    
News Summary - CBSE Exam Result Delayed; Students are worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.