ഒമാനിൽ വരുംദിവസങ്ങളിൽ മഴക്ക്​ സാധ്യത

മസ്കത്ത്​: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ അടുത്ത ദിവസങ്ങളിൽ മഴക്ക്​ സാധ്യതയു​ണ്ടെന്ന്​ നാഷണൽ മൾട്ടി ഹസാർഡ്​ ഏർളി വാണിങ്​ സെന്‍ററും ഡയറക്ടർ ജനറൽ ഓഫ്​ മെറ്റിയൊറോളജിയും അറിയിച്ചു. അറബിക്കടലിൽ ഉഷ്ണമേഖലാ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണിത്​. തെക്കൻ ശർഖിയ ഗവർണറേറ്റിലെ റാസൽ ഹദ്ദിൽ നിന്ന്​ 600 കിലോമീറ്റർ അകലെയാണ്​ ഇതിന്‍റെ കേന്ദ്രസ്ഥാനം. വടക്കുപടിഞ്ഞാറൻ ദിശയിലൂടെ പാകിസ്താൻ തീരത്തേക്ക നീങ്ങുന്ന ഉഷ്ണമേഖല ന്യൂനമർദം ഒമാൻ തീരത്തേക്ക്​ വരാനുള്ള സാധ്യതയുമുണ്ട്​. ഇതിന്‍റെ ഭാഗമായി ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലും തുടർന്നും ഒറ്റപ്പെട്ടതും ശക്തമായതുമായ മഴക്ക്​ സാധ്യതയുണ്ടെന്ന്​ അധികൃതർ അറിയിച്ചു.

ശനി, ഞായർ ദിവസങ്ങളിൽ തെക്കൻ ശർഖിയ ഗവർണറേറ്റിലെ റാസൽ ഹദ്ദിനും അൽ വുസ്​ത ഗവർണറേറ്റിലെ റാസ്​ മദ്​റഖക്കും ഇടയിലും ഹജർ മലനിരകളിലും ശക്​തമായ മഴക്ക്​ സാധ്യതയുണ്ട്​. അൽ ദാഖിലിയ, തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, മസ്കത്ത്​, തെക്കൻ ബാതിന, അൽ ദാഹിറ എന്നീ ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിലും മഴ പെയ്യും. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ മരുഭൂപ്രദേശത്തും മഴ പെയ്യും. 15 മുതൽ 60 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ്​ അറിയിപ്പിലുള്ളത്​.

തിങ്കളാഴ്ച തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ, മസ്കത്ത്​, അൽ ദാഖിലിയ, തെക്കൻ ബാതിന, അൽ ദാഹിറ എന്ന്​ ഗവർണറേറ്റുകളിൽ 10 മുതൽ 40 മില്ലീമീറ്റർ വരെ മഴ പെയ്യും. അറബിക്കടലിലെ സംഭവവികാസങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ മുന്നറിയിപ്പുകളും റിപ്പോർട്ടുകളും നൽകുമെന്നും അധികൃതർ അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്​ വീശാനും സാധ്യതയുണ്ട്​. വാഹനയാത്രക്കാരും വാദികൾ മുറിച്ചുകടക്കുന്നവരും ജാഗ്രത പാലിക്കണമെന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി ഓർമ്മിപ്പിച്ചു. 

പടം- weather

Tags:    
News Summary - Chance of rain in Oman in coming days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.