മസ്കത്ത്: ഒമാനിൽ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായി ഏഴാം ഘട്ട വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി. തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടി. ഡിസംബർ ഒന്ന് ചൊവ്വാഴ്ച മുതൽ തീരുമാനം പ്രാബല്ല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
സിനിമാ തിയേറ്ററുകളും പാർക്കുകളും പൊതുസ്ഥലങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ എട്ടുമാസമായി പാർക്കുകളും സിനിമാ തിയേറ്ററുകളും അടഞ്ഞുകിടക്കുകയായിരുന്നു. ബീച്ചുകളിലേക്ക് പ്രവേശനാനുമതി നൽകാനും തീരുമാനമായിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് ഒക്ടോബർ ആദ്യത്തിലാണ് ബീച്ചുകളിലേക്കുള്ള പ്രവേശനം അധികൃതർ വിലക്കിയത്. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഷോപ്പിങ് മാളുകളിൽ പ്രവേശനാനുമതി നൽകുകയും ചെയ്തു. മവേല പച്ചക്കറി മാർക്കറ്റിൽ ചില്ലറ വിൽപന പുനരാരംഭിക്കുകയും ചെയ്യും. മാളുകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും ഫുഡ്കോർട്ടുകൾ, എക്സിബിഷൻ-കോൺഫറൻസ്, ഹെൽത്ത് ക്ലബ്, കിൻറർഗാർട്ടൻ, നഴ്സറികൾ എന്നിവക്കും പ്രർത്തനാനുമതി നൽകി. മ്യൂസിയങ്ങളും കോട്ടകളുമടക്കം ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറക്കും. കാണികളെ പ്രവേശിപ്പിക്കാതെയുള്ള കായിക മൽസരങ്ങൾ, ബൗളിങ് സെൻററുകൾ, ബ്യൂട്ടി സലൂണുകളിലെ രണ്ടാം ഘട്ട സേവനങ്ങൾ, വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ ട്രയൽ റൂം തുറക്കൽ, മാളുകളിലെ വിനോദ സ്ഥലങ്ങൾ, ക്യാമ്പിങ് സാധനങ്ങൾ വാടകക്ക് നൽകുന്ന കടകൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവക്കും ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. മാളുകളിലെ പാർക്കിങിൽ ഇനി മുഴുവൻ പാർക്കിങ് അനുവദിക്കുകയും ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. ഹോട്ടലുകൾക്കും ടൂറിസം കമ്പനികൾക്കും കീഴിൽ സംഘമായി വരുന്ന സഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.