മസ്കത്ത്: മോശം കാലാവസ്ഥയെ തുടർന്ന് ഷെന്ന-മസീറ റൂട്ടിൽ ഫെറി സർവിസുകൾ നിർത്തിവെച്ചു. ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് കാരണം. നാഷനൽ ഫെറീസ് കമ്പനി (എൻ.എഫ്.സി) തിങ്കളാഴ്ച ഒരു സർവിസ് പോലും നടത്തിയില്ല. സ്വകാര്യ ഫെറി തിങ്കളാഴ്ച രാവിലെ മസീറയിൽനിന്ന് ഷെന്നയിലേക്ക് ഒരു സർവിസ് നടത്തി. എന്നാൽ, കാറ്റിനെ തുടർന്ന് ഷെന്നയിൽ വാഹനങ്ങൾ ഇറക്കാൻ പ്രയാസം നേരിട്ടതിനാൽ സർവിസ് അവസാനിപ്പിച്ച് ഫെറി മസീറയിലേക്ക് മടങ്ങി. കടൽ പ്രക്ഷുബ്ധമാകാനും തിരമാലകൾ മൂന്നര മീറ്റർ വരെ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു. ഇതേതുടർന്ന് സന്ദർശകരുടെയും സഞ്ചാരികളുടെയും യാത്ര സുഗമമാക്കാൻ എൻ.എഫ്.സി ഞായറാഴ്ച സർവിസുകൾ പുനഃക്രമീകരിച്ചിരുന്നു. കാലാവസ്ഥ കണക്കിലെടുത്താകും ചൊവ്വാഴ്ച ഫെറി സർവിസുകൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് തീരുമാനിക്കുക.
ഞായറാഴ്ച ഉച്ചക്ക് ശേഷം കാറ്റിെൻറ ശക്തി വർധിച്ചതായി മസീറയിൽ താമസക്കാരനായ ഡോ. അബ്ദുൽ ജലീൽ പറഞ്ഞു. ശക്തമായ കാറ്റാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. കടൽ പ്രക്ഷുബ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ഒാഖി ചുഴലിക്കാറ്റ് ഒമാനെ ബാധിക്കാനിടയില്ലെന്ന് ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. നിലവിൽ അറബിക്കടലിെൻറ തെക്കു-കിഴക്ക് ഭാഗത്താണ് ചുഴലിക്കാറ്റ് ഉള്ളത്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക്, വടക്ക്-കിഴക്ക് ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും കേന്ദ്രം തിങ്കളാഴ്ച ഉച്ചക്ക് ശേഷം പുറപ്പെടുവിച്ച അറിയിപ്പിൽ പറഞ്ഞു.
വടക്കു-കിഴക്കൻ കാറ്റിെൻറ ഫലമായി ഒമാെൻറ ഏതാണ്ടെല്ലാ സ്ഥലങ്ങളിലും താപനിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി രാത്രി പതിവിലും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. ഇതിനിടെ ചുഴലിക്കാറ്റിൽ പെട്ട് കാണാതായ കേരളത്തിൽ നിന്നുള്ള ബോട്ടുകളെ കുറിച്ച അന്വേഷണം ഒമാൻ, ഇറാൻ തീരത്തേക്ക് വ്യാപിപ്പിക്കാൻ ഇടയുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ചുഴലിക്കാറ്റുണ്ടായത് മുതൽ വടക്കു-പടിഞ്ഞാറ് ദിശയിലേക്കാണ് കാറ്റിെൻറ ഗതി. നിയന്ത്രണംവിട്ട ബോട്ടുകൾ കാറ്റിെൻറ ദിശയിൽ ഏറെദൂരം നീങ്ങാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഒമാൻ, ഇറാൻ തീരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിെൻറ സാധ്യതകൾ പരിശോധിക്കുന്നത്.
മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം
മസ്കത്ത്: മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ മന്ത്രാലയം വക്താവ് പറഞ്ഞു. മുസന്ദം, അൽ ബാത്തിന, മസ്കത്ത്, തെക്കൻ ശർഖിയയുടെ തീരപ്രദേശങ്ങൾ, അൽ ഹജർ പർവതനിരകൾ എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യതയുള്ളത്. ചിലയിടങ്ങളിൽ സാമാന്യം ശക്തമായ മഴക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച പുലർച്ചെ മസ്കത്തിൽ ചിലയിടങ്ങളിൽ മഴ ഉണ്ടായിരുന്നു. മഴക്ക് ഇന്ത്യൻ തീരങ്ങളെ ബാധിച്ച ‘ഒാഖി’ ചുഴലിക്കാറ്റുമായി ബന്ധമുണ്ടെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഒമാെൻറ വടക്കുഭാഗത്ത് അന്തരീക്ഷത്തിൽ രൂപംകൊണ്ട ചുഴിയാണ് മേഘങ്ങൾ രൂപംകൊള്ളാൻ കാരണം. ബീച്ചുകളിൽ പോകുന്നവർ ജാഗ്രത പുലർത്തണം. ഡോൾഫിൻ വാച്ചിനും മറ്റും കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.