മസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്കത്തിലെ വിദ്യാർഥികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാനെത്തിയ രക്ഷിതാക്കളെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ (എസ്.എം.സി) നേതൃത്വത്തിൽ സ്കൂളിനുള്ളിൽ പ്രവേശിപ്പിക്കാതെ ഗേറ്റിൽ തടഞ്ഞതായി പരാതി. ദീർഘനേരം ഗേറ്റിനു പുറത്തു കാത്തുനിന്ന രക്ഷിതാക്കൾക്ക് നിവേദനം നൽകാനാവാതെ തിരികെ പോരേണ്ടി വന്നു. സ്കൂളിൽ കഴിഞ്ഞ കുറെ കാലമായി അക്കാദമിക് രംഗത്ത് നിരവധി പ്രശ്നങ്ങൾ നിലനിൽക്കുകയാണ്.
പല വിഷയങ്ങൾക്കും ആവശ്യത്തിനുള്ള അധ്യാപകരില്ല. ചില അധ്യാപകരുടെ അനിയന്ത്രിതമായ പ്രൈവറ്റ് ട്യൂഷൻ അക്കാദമിക് നിലവാരത്തെ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. വിദ്യാർഥി നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിക്കാൻ മുമ്പ് രക്ഷിതാക്കൾക്ക് അവസരം ലഭിച്ചിരുന്ന പാരന്റ്സ് ഫോറം അനിശ്ചിതകാലമായി നിർത്തിവെച്ചിരിക്കുകയാണ്. രക്ഷിതാക്കളുടെ നിരന്തര പ്രതിഷേധങ്ങളുടെ ഫലമായി അടുത്തിടെയാണ് പുതിയ പ്രിൻസിപ്പലിന്റെ നിയമനംപോലും നടന്നത്.രക്ഷിതാക്കളുടെ കൂട്ടായ്മ സമാനമായ ആവശ്യങ്ങൾ ഉന്നയിച്ച് മുമ്പ് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാനും ഒമാനിലെ ഇന്ത്യൻ അംബാസഡർക്കും നിവേദനം നൽകിയിരുന്നു. എന്നാൽ, പ്രശ്ങ്ങളിൽ വേണ്ടത്ര വേഗതയിലുള്ള പുരോഗതി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് നേരത്തെ നൽകിയ പരാതികളുടെ തുടർച്ചയായി രക്ഷിതാക്കൾ സ്കൂൾ മാനേജ്മന്റ് കമ്മിറ്റിയുടെ മുമ്പിൽ നിവേദനവുമായി എത്തിയത്. എന്നാൽ രക്ഷിതാക്കളുടെ പ്രതിനിധികളെ എസ്.എം.സി അംഗങ്ങളുടെയും ഡയറക്ടർ ബോർഡിലെ ചില അംഗങ്ങളുടെയും നേതൃത്വത്തിൽ ഗേറ്റിനു മുന്നിൽ തടയുകയായിരുന്നുവെത്ര.
എസ്.എം.സി യുടെ നടപടി തികച്ചും ധിക്കാരപരവും പ്രതിഷേധാർഹവുമാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. രക്ഷിതാക്കളുടെ ഇടപെടലിനെ തികച്ചും വിദ്യാർത്ഥി വിരുദ്ധമായ നടപടികളിൽ നിന്നും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പിന്മാറണമെന്നും സ്കൂളിലെ അക്കാഡമിക് നിലവാരം സംരക്ഷിക്കാൻ നിവേദനത്തിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം ഉണ്ടാക്കണമെന്നും രക്ഷിതാക്കളുടെ കൂട്ടായ്മക്ക് നേതൃത്വം നൽകിയ സുഗതൻ, ശ്രീകുമാർ, വരുൺ തുടങ്ങിയവർ അഭിപ്രായപ്പെട്ടു.
അതേസമയം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യോഗം നടക്കുന്നതിനാലാണ് രക്ഷിതാക്കളെ കാണാൻ അനുവദിക്കാതിരുന്നതെന്നാണ് ഐ.എസ്.എം അധികൃതരുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.