മസ്കത്ത്: കോവിഡ് വ്യാപനം കണക്കിലെടുത്ത് പുതിയ തീരുമാനങ്ങളുമായി സുപ്രീം കമ്മിറ്റി. ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ദുൽഹജ്ജ് പത്ത് മുതൽ 12 വരെയുള്ള മൂന്നു ദിവസമായിരിക്കും സമ്പൂർണ അടച്ചിടൽ.
ഒമാനിൽ നിലവിലുള്ള സായാഹ്ന ലോക്ഡൗൺ ജൂലൈ 31 വരെ നീട്ടാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ജൂലൈ 16 മുതൽ 31 വരെ സായാഹ്ന ലോക്ഡൗണിെൻറ സമയം വൈകുന്നേരം അഞ്ച് മുതൽ പുലർച്ച നാലുവരെയാക്കാനും തീരുമാനമായി.
അതേസമയം, മുസന്ദം ഗവർണറേറ്റിനെ സഞ്ചാരവിലക്കിൽ നിന്നും വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലിൽ നിന്നും ഒഴിവാക്കി. കുറഞ്ഞ എണ്ണം കേസുകൾക്ക് ഒപ്പം ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കുറവാണെന്നത് കണക്കിലെടുത്താണ് തീരുമാനം.
ദോഫാറിലേക്ക് ഗവർണറേറ്റിന് പുറത്തുള്ളവർക്ക് പ്രവേശനം അനുവദിക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഒരു ഡോസ് എങ്കിലും വാക്സിൻ സ്വീകരിച്ച 18 വയസിന് മുകളിൽ പ്രായമുള്ള സ്വദേശികൾക്കും ഒമാനിലുള്ള പ്രവാസികൾക്കുമായിരിക്കും പ്രവേശനം. അതേസമയം, പ്രവേശനവിലക്കില്ലാത്ത രാജ്യങ്ങളിൽ നിന്ന് ദോഫാറിലേക്ക് വരുന്നവർ ഒമാനിലെ അംഗീകൃത വാക്സിെൻറ രണ്ട് ഡോസും എടുത്തിരിക്കണം.
ജൂലൈ ഒമ്പത് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ദോഫാറിൽ പ്രവേശനം അനുവദിക്കുക. മുസന്ദം ഗവർണറേറ്റിലേക്കും 18 വയസിന് മുകളിൽ പ്രായമുള്ള ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
ഒമാനിലേക്ക് എട്ട് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. സിംഗപൂർ, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, തുനീഷ്യ, ലിബിയ, അർജന്റീന, ബ്രൂണെ ദാറുസ്സലാം എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പുതുതായി പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഈജിപ്തിനെ ഒഴിവാക്കുകയും ചെയ്തു.
കൂട്ടമായുള്ള ബലി പെരുന്നാൾ പ്രാർഥനകളും പരമ്പരാഗത പെരുന്നാൾ ചന്തകളും നടത്താൻ പാടില്ലെന്നും സുപ്രീം കമ്മിറ്റി യോഗം ഓർമിപ്പിച്ചു.
കുടുംബ ഒത്തുചേരലുകളടക്കം എല്ലാ തരത്തിലുമുള്ള ഒത്തുചേരലുകൾക്കും വിലക്കുണ്ടായിരിക്കും.ദോഫാർ ഗവർണറേറ്റിലെ ഹോട്ടലുകളിലും ഫർണിഷ്ഡ് അപ്പാർട്ട്മെന്റുകളിലും ശേഷിയുടെ അമ്പത് ശതമാനം ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കാൻ പാടുള്ളൂ. മുൻ കരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
കര അതിർത്തികളുടെ അടച്ചിടൽ, അന്തർദേശീയ പരിപാടികൾ-സമ്മേളനങ്ങൾ എന്നിവക്കുള്ള വിലക്ക്, വിവാഹ ഹാളുകളുടെ അടച്ചിടൽ, പൊതുപരിപാടികൾ എന്നിവക്കുള്ള വിലക്ക് തുടങ്ങിയവ തുടരാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.