മസ്കത്ത്: വിവിധ മേഖലകളിൽ സഹകരണം ലക്ഷ്യമിട്ട് ഒമാനും അൽജീരിയയും എട്ട് ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. അൽജീരിയൻ പ്രസിഡന്റിന്റെ അബ്ദുൽ മജീദ് തെബൂണിന്റെ ത്രിദിന ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ധാരണയിലെത്തിയത്.
പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനും ഉന്നത വിദ്യാഭ്യാസം, ഗവേഷണം, പരിസ്ഥിതി, സുസ്ഥിര വികസനം, സാമ്പത്തിക സേവനങ്ങൾ, തൊഴിൽ, പരിശീലനം, മാധ്യമം എന്നീ മേഖലകളിൽ നിക്ഷേപവും സഹകരണവും വർധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അൽ ആലം പാലസിൽ സുൽത്താൻ ഹൈതം ബിൻ താരിഖും അൽജീരിയൻ പ്രസിഡന്റും ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. പ്രസിഡന്റിനെയും പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്ത സുൽത്താൻ, ഈ സന്ദർശനം ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെ ക്ഷേമത്തിനായി വിജയിക്കട്ടെയെന്ന് ആശംസിച്ചു. സ്വീകരണത്തിനും ആതിഥ്യ മര്യാദക്കും അൽജീരിയൻ പ്രസിഡന്റ് നന്ദി അറിയിച്ചു.
പങ്കാളിത്തത്തിന്റെയും നിക്ഷേപത്തിന്റെയും പുതിയ കാഴ്ചകൾ തുറക്കുന്നതിന് സംഭാവന നൽകുന്ന രീതിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ മേഖലകൾ ചർച്ച ചെയ്തു. മേഖലയിലെ സുരക്ഷയും സമാധാനവും കൈവരിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ ഇരുനേതാക്കളും നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുകയും അഭിപ്രായങ്ങൾ കൈമാറുകയും ചെയ്തു.
മന്ത്രിമാരുടെ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹമൂദ് അൽ സഈദ്, ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് കോർപറേഷൻ അഫയേഴ്സ് ഉപപ്രധാനമന്ത്രി സയ്യിദ് അസഅദ് ബിൻ താരിഖ് അൽ സഈദ്, പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി.
ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, മസ്കത്ത് ഗവർണർ (ഓണർ മിഷൻ മേധാവി) സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദി.
അൽജീരിയയുടെ ഒമാനിലെ അംബാസർ സെയ്ഫ് ബിൻ നാസർ അൽ ബദാഇ, അൽജീരിയയൻ പ്രസിഡന്റിനെ അനുഗമിക്കുന്ന സംഘവും ചർച്ചയിൽ പങ്കെടുത്തു. മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി അൽജീരിയൻ പ്രസിഡന്റ് ഇന്ന് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.