മസ്കത്ത്: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ചെറിയ കുറവ്. 1959 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഈയാഴ്ചയിൽ ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിൽ താഴെ വരുന്നത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,70,504 ആയി. 40 പേർകൂടി മരിച്ചു. 3140 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 2127 പേർക്കുകൂടി രോഗം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 2,36,988 ആയി. 163 പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1591 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 530 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മഹാമാരി ആരംഭിച്ച ശേഷം മരണനിരക്കും പുതിയ രോഗികളുടെ എണ്ണവുമെല്ലാം ഏറ്റവും ഉയർന്ന നിരക്കിലായിരുന്ന മാസമാണ് കഴിഞ്ഞുപോയത്. 51,321 പേരാണ് ജൂണിൽ പുതുതായി രോഗബാധിതരായത്. 2020 ജൂലൈയിലെ 39,089 രോഗികൾ എന്ന റെക്കോർഡാണ് മറികടന്നത്. അതേസമയം, രോഗമുക്തി നിരക്കാകട്ടെ 92 ശതമാനത്തിൽ നിന്ന് 87.5 ശതമാനമായി കുറയുകയും ചെയ്തു. പ്രതിദിനം 25 പേർ എന്ന നിരക്കിൽ 755 പേരാണ് ജൂണിൽ മരണപ്പെട്ടത്. കഴിഞ്ഞ ഏപ്രിലിലെ 344 മരണത്തെയാണ് ഇത് പിന്തള്ളിയത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണമാകട്ടെ 98 ശതമാനം വർധിച്ചു. മേയ് അവസാനം 808 ആയിരുന്നത് 1597 ആയാണ് വർധിച്ചത്. ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണമാകട്ടെ 110 ശതമാനം വർധിച്ചു. ജൂൺ 27ന് 214 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മഹാമാരി ആരംഭിച്ച ശേഷം ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ഏറ്റവും ഉയർന്ന എണ്ണമാണിത്.
കോവിഡിെൻറ രണ്ടാം തരംഗത്തെ നേരിട്ട് ആരോഗ്യ മേഖല തളർന്ന അവസ്ഥയിലാണെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദി കഴിഞ്ഞയാഴ്ച നടന്ന സുപ്രീം കമ്മിറ്റി വാർത്തസമ്മേളനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. വാക്സിനേഷനിലൂടെ കോവിഡിന് പ്രതിരോധം തീർക്കാനുള്ള യജ്ഞത്തിലാണ് ആരോഗ്യ വകുപ്പ്. അടുത്ത ഞായറാഴ്ച മുതൽ 18 വയസ്സിന് മുകളിലുള്ള സ്വദേശികൾക്കായി രാജ്യത്ത് വാക്സിനേഷൻ ആരംഭിക്കുകയാണ്. ആശുപത്രി കിടക്കകൾ കിട്ടാനില്ലാത്ത സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.