മസ്കത്ത്: ദോഫാർ ഖരീഫ് സീസണിന്റെ ഭാഗമായി സഞ്ചാരികളെ വരവേൽക്കാൻ ‘ഇത്തീൻ സ്ക്വയർ’, ‘റിട്ടേൺ ടു ദ പാസ്റ്റ്’ എന്നീ സൈറ്റുകൾ ദോഫാർ മുനിസിപ്പാലിറ്റി ഉദ്ഘാടനം ചെയ്തു. സലാല ടൂറിസം ഫെസ്റ്റിവലിന്റെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന നിരവധി സൈറ്റുകളിൽ രണ്ടെണ്ണമാണിത്.
എല്ലാ പ്രായക്കാർക്കും അനുയോജ്യമാകുന്ന തരത്തിലുള്ള സാംസ്കാരിക, കലാ, പൈതൃക, വിനോദ പരിപാടികളായിരിക്കും ഇവിടെ അരങ്ങേറുക. ഇത്തീൻ സ്ക്വയർ ഈ ആഴ്ചയിൽതന്നെ സന്ദർശകരെ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്ന് ദോഫാർ മുനിസിപ്പാലിറ്റിയിലെ ഇവന്റ്സ് ആൻഡ് അവേർനെസ് ഡയറക്ടർ അമ്മാർ ബിൻ ഉബൈദ് ഗുവാസ് പറഞ്ഞു. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി തികച്ചും പുതിയ ഗെയിമുകളാ ണ് അവതരിപ്പിച്ചിട്ടുള്ളത്. ഒപ്പം അത്യാധുനിക ഡിജിറ്റൽ തിയറ്ററും നിരവധി അന്തർദേശീയ പ്രകടനങ്ങൾ, അതിശയകരമായ ലൈറ്റ് ഷോകൾ, ലേസർ ഫൗണ്ടൻ ഡിസ്പ്ലേകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡ്രോൺ ലൈറ്റ്, ലേസർ ഷോകൾ, വിവിധതരം പൂക്കൾ പ്രദർശിപ്പിക്കുന്ന ഖരീഫ് ഗാർഡൻ തുടങ്ങിയ ആഗോള വിനോദ, ടൂറിസം പ്രവർത്തനങ്ങൾ എന്നിവ അരങ്ങേറുന്ന ഇത്തീൻ സ്ക്വയറിൽ ആഗസ്റ്റ് 31വരെ പരിപാടികൾ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം ഫെസ്റ്റിവലിൽ ആദ്യമായി ഒരുക്കിയ ‘റിട്ടേൺ ടു ദ പാസ്റ്റ്’ സൈറ്റ് സലാലയിലെ സഅദയിലാണുള്ളത്. ഒമാന്റെ പരമ്പരാഗത ജീവിതങ്ങളും ദോഫാർ ഗവർണറേറ്റിലെ പ്രാദേശിക പരിസ്ഥിതികളും ഇവിടെനിന്ന് മനസ്സിലാക്കാൻ പറ്റുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
പരമ്പരാഗത കലകൾ, പൈതൃക വിപണികൾ, കരകൗശല വിദഗ്ധരുടെയും വൈവിധ്യമാർന്ന ഉൽപന്നങ്ങൾ എന്നിവ ഇവിടെയുണ്ടാകും. ‘റിട്ടേൺ ടു ദി പാസ്റ്റ്’ വേദി സുൽത്താനേറ്റിന്റെ സമ്പന്നമായ സാംസ്കാരിക, നാഗരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു, വൈവിധ്യമാർന്ന കലകൾ, പൈതൃക പരിപാടികൾ, ഒമാനി സംസ്കാരം ഉൾക്കൊള്ളുന്ന തത്സമയ പ്രകടനങ്ങളുള്ള വിപണികൾ എന്നിവയും ഈ വേദിയുടെ സവിശേഷതയാണ്.
കുട്ടികൾക്കായുള്ള സലാലയിലെ ഔഖാദ് പാർക്കിലെ ‘കാഡി ടൈം’ പ്രവർത്തനങ്ങൾ ആഗസ്റ്റ് 31 വരെ തുടരുമെന്നും ഗുവാസ് സൂചിപ്പിച്ചു. ഈ പരിപാടിയിൽ കുട്ടികൾക്കായുള്ള ആഗോള വിനോദ ഗ്രാമങ്ങളും ഇന്ററാക്ടീവ് ഗെയിമുകൾക്കുള്ള ഒരു മേഖലയും (വി.ആർ) ഉൾപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.