മസ്കത്ത്: വാദികബീർ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ദാരുണമായ അന്ത്യം മനസ്സ് ഞെട്ടിപ്പിക്കുന്നതിനോടൊപ്പം കുറെ ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. സ്കൂളിന് സമീപമുള്ള പ്രധാന ഹൈവേ മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് 14 വയസ്സുകാരി അപകടത്തിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന മാതാവിന് ജീവൻ തിരിച്ചുകിട്ടിയെങ്കിലും ഇരു കാലുകളും നഷ്ടമായി.
ഇത് ഒമാനിലെ ആദ്യത്തെ സംഭവമല്ല. മണിക്കൂറിൽ 120 കിലോമീറ്റർ സ്പീഡിൽ വാഹനമോടിക്കാൻ അനുവാദമുള്ള റോഡുകൾ മുറിച്ചുകടക്കാൻ ഒരുങ്ങി ജീവൻ കുരുതികൊടുത്തവർ നിരവധിയാണ്. ഇതിൽ അവസാനത്തെ കണ്ണി മാത്രമാണ് വാദി കബീർ ഇന്ത്യൻ സ്കൂളിലെ കൊച്ചുബാലിക.
എപ്പോഴും വാഹനങ്ങൾ ചീറിപ്പായുന്ന സുൽത്താൻ ഖാബൂസ് ഹൈവേയിൽ കൂടി സഞ്ചരിക്കുന്നവർ പലപ്പോഴും കാണുന്ന ഒരു കാഴ്ചയുണ്ട്; റോഡിന്റെ ഇരു വശങ്ങളിലും റോഡ് മധ്യത്തിലുള്ള മതിലുകളിലുമൊക്കെയായി റോഡ് മുറിച്ചു കടക്കാൻ കാത്തിരിക്കുന്ന നിരവധി പേരെ.
ഇരപിടിക്കാൻ വന്യജീവികൾ കാത്തിരിക്കുന്നതു പോലെയാണ് ഇവർ വാഹനം ഒഴിയാൻ നിൽക്കുന്നത്. ഇടക്ക് ചെറിയ ആശ്വാസം കിട്ടുമ്പോൾ ഇവർ റോഡിൽ ചാടുകയും മറുകര പറ്റുകയുമാണ് ചെയ്യുന്നത്. ഇത്തരം ഓരോ മുറിച്ചുകടക്കലിലും ഭാഗ്യംകൊണ്ട് മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചുകയറുന്നത്.
മുറിച്ചുകടക്കുന്നവരുടെ ഓട്ടത്തിന്റെ കണക്ക് ഒരിഞ്ച് പിഴച്ചാലോ കാലൊന്ന് വഴുതിയാലോ മരണം ഉറപ്പാണ്. ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ മുറിച്ചുകടക്കുന്നവർക്ക് മാത്രമല്ല അതിവേഗത്തിൽ കുതിച്ചെത്തുന്ന വാഹനങ്ങളിലുള്ളവർക്കും ഭീഷണിയാണ്.
റൂവി അടക്കമുള്ള നഗരങ്ങളോട് ചേർന്ന നാഷനൽ ഹൈവേയിൽ റോഡ് മുറിച്ചുകടക്കാൻ ഊഴം കാത്തിരിക്കുന്ന നിരവധി പേരെ എപ്പോഴും കാണാൻ കഴിയും. അപകടകരമായ ഈ റോഡ് മുറിച്ചു കടക്കാൻ അൽപം അകലെയായി സീബ്ര ലൈൻ അടക്കമുള്ള സൗകര്യങ്ങളുണ്ടെങ്കിൽപോലും ഏതാനും മിനിറ്റുകളുടെ നടത്തം ഒഴിവാക്കാൻ ജീവൻ പണയംവെച്ച് പലരും റോഡ് മുറിച്ച് കടക്കുകയാണ്.
നിരവധി ട്രാക്കുകളിലായി അതിശീഘ്രം പായുന്ന വാഹനങ്ങൾ ഇവരുടെ ജീവന് ഭീഷണിയാണെങ്കിലും അപകടം നേരിൽക്കണ്ടാലും പലരും പഠിക്കുന്നില്ല. റോഡിന്റെ പല ഭാഗങ്ങളിലും നിരവധി കാൽനട മേൽപാലങ്ങളും ഭൂഗർഭ പാതകളുമുണ്ട്. പക്ഷേ ഇവയൊന്നും പലരും ഉപയോഗപ്പെടുത്താതെ ജീവൻവെച്ച് കളിക്കുകയാണ് ചെയ്യുന്നത്.
റോഡുകൾ മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ നടപടികൾ ആവശ്യമാണെന്നാണ് സാമൂഹിക പ്രവർത്തകർ പറയുന്നത്. ഇത്തരം റോഡ് മുറിച്ചുകടക്കൽ മൂലമുണ്ടാവുന്ന ദുരന്തങ്ങളെ കുറിച്ചുള്ള വ്യാപകമായ ബോധവത്കരണം ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.