മസ്കത്ത്: ഗൾഫ് മാധ്യമം സോക്കർ കാർണിവലിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച നഗരിയിലേക്ക് ഒഴുകിയത് ആയിരക്കണക്കിനാളുകൾ. മസ്കത്തിലെ സെവൻസ് ഫുട്ബാളിന്റെ കിരീടത്തിനായി ഒരു ഭാഗത്ത് എട്ട് ടീമുകൾ പൊരുതിയപ്പോൾ, മറുഭാഗത്ത് രുചിമേളങ്ങളും കലാപ്രകടനങ്ങളുമായി ബൗഷർ ക്ലബ് സ്റ്റേഡിയം ആനന്ദത്തിലാറാടി. പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പേതന്നെ ആളുകൾ സ്റ്റേഡിയത്തിലേക്ക് എത്തിതുടങ്ങിയിരുന്നു.
കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളുമായി 20ലധികം ഫുഡ്സ്റ്റാളുകളായിരുന്നു ഒരുക്കിയിരുന്നത്. മലബാർ വിഭവങ്ങൾക്കൊപ്പം കണ്ണൂരിന്റെ ഇനങ്ങൾക്കായി പ്രത്യേക ഇടങ്ങളുമുണ്ടായിരുന്നു. ഭക്ഷണ പ്രേമികളുടെ മനം കവരുന്ന ഇനങ്ങളുമായി മസ്കത്തിലെ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളുകൾ, വിവിധ തരം ചോക്ലേറ്റുകൾ, ഫാൻസി ഐറ്റംസുകൾ, മിഠായികൾ എന്നിവ കാർണിവലിന് മാറ്റുകൂട്ടി. വിവിധങ്ങളായ വിനോദ പരിപാടികളും മത്സരങ്ങളും പുത്തൻ കാഴ്ചകളാണ് കാണികൾക്ക് നൽകിയത്. കുട്ടികൾക്കും കുടുംബത്തിനും ഒരുക്കിയ മത്സരത്തിൽ വിജയികളായവർ കൈനിറയെ സമ്മാനങ്ങളുമായാണ് വീട്ടിലേക്ക് മടങ്ങിയത്. മുഖ്യാതിഥിയായ മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടികയെ കരഘോഷത്തോടെയാണ് കാണികൾ വേദിയിലേക്ക് വരവേറ്റത്.
കുട്ടികളെയും കുടുംബത്തെയും വിസ്മയിപ്പിക്കുന്ന മാജിക്കും നുറുങ്ങ് മത്സരങ്ങളുമായി കാർണിവെൽ നഗരിയെ ഇളക്കി മറിക്കുന്നതായിരുന്നു കലേഷിന്റെ പ്രകടനം. സ്പോട്ട് മത്സരങ്ങളും പ്രേക്ഷകരെ പങ്കാളികളാക്കിയുള്ള വിവിധങ്ങളായ കലാപ്രകടനങ്ങളും കലേഷിന്റെ നേതൃത്വത്തിൽ നടന്നു. ലുലു എക്സ്ചേഞ്ച് മുഖ്യ പ്രായോജകരായ പരിപാടിയിൽ അൽഹാജിസ് പെർഫ്യൂംസ്, നദഹാപ്പിനസ്, ബദ്ർ അൽസമ, യുനൈറ്റഡ് കോർഗോ തുടങ്ങിയ കമ്പനികളായിരുന്നു സോക്കർ കാർണിവലുമായി കൈകോർത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.