ബുറൈമി: സൊഹാർ വിമാനത്താവളത്തിെൻറ സാധ്യതകൾ ഇന്ത്യൻ വിമാന കമ്പനികൾ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. ഇവിടെനിന്ന് കേരളത്തിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കുന്ന പക്ഷം ബുറൈമി, ബാത്തിന മേഖലയിലുള്ള ലക്ഷക്കണക്കിന് മലയാളികൾക്ക് ഏറെ ആശ്വാസമാകും. ഇൗ ആവശ്യമുന്നയിച്ച് ബന്ധപ്പെട്ടവരെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ബുറൈമിയിലെ മലയാളി കൂട്ടായ്മകൾ.
നിലവിൽ ഷാർജയിലേക്ക് ആഴ്ചയിൽ മൂന്നു ദിവസമുള്ള എയർ അറേബ്യ മാത്രമാണ് സൊഹാറിൽനിന്നുള്ള രാജ്യാന്തര സർവിസ്. മലയാളി യാത്രക്കാരെ ലക്ഷ്യമിട്ട് ഷാർജയിൽനിന്ന് കണക്ഷൻ സർവിസും ലഭ്യമാക്കിയിട്ടുണ്ട്.
സൊഹാറിൽനിന്ന് രാവിലെ പത്തിന് ഷാർജയിലെത്തുന്ന യാത്രക്കാർക്ക് ഉച്ചയോടെയാണ് കണക്ഷൻ ലഭിക്കുക. അടുത്ത മാസം ഖത്തർ എയർവേസും ഇവിടെനിന്ന് സർവിസ് ആരംഭിക്കുന്നുണ്ട്. ദോഹയിൽനിന്ന് കണക്ഷൻ സർവിസ് ഒരുക്കുമെന്ന് ഖത്തർ എയർവേസും അറിയിച്ചിട്ടുണ്ട്. രണ്ടു സർവിസുകളും ആകുന്നതോടെ ബുറൈമി പ്രവാസികളുടെ യാത്രാക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. ബജറ്റ് എയർലൈനായ സലാം എയർ സൊഹാർ-സലാല റൂട്ടിലും സർവിസ് നടത്തുന്നുണ്ട്.
നിലവിൽ നിരക്കുകൾ അധികമാണെങ്കിലും കൂടുതൽ സർവിസുകൾ ആരംഭിക്കുന്നതോടെ കുറയാൻ സാധ്യതയുണ്ടെന്ന് ട്രാവലിങ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
കണക്ഷൻ സർവിസുകളെ കുറിച്ച് അറിയാനും ടിക്കറ്റ് ബുക്ക് ചെയ്യാനുമായി നിരവധി പേർ എത്തുന്നുണ്ടെന്ന് ബുറൈമയിലെ ഹയ്യാക്ക് ട്രാവൽസ് എം.ഡി റിയാസ് ഒതളൂർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
350 കിലോമീറ്ററിലേറെ ദൂരമുള്ള മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെയാണ് ഇവിടെയുള്ള മലയാളികൾ നാട്ടിലേക്കുള്ള യാത്രക്ക് നിലവിൽ ആശ്രയിക്കുന്നത്. ബസിൽ അഞ്ചുമണിക്കൂറും ടാക്സിയിൽ നാലുമണിക്കൂറുമാണ് ഇങ്ങോടുള്ള യാത്രക്ക് വേണ്ടത്.
ദിവസവും മൂന്നു ബസ് സർവിസുകൾ മാത്രമാണുള്ളത് എന്നതിനാൽ സ്വേദശി ടാക്സികളാണ് കൂടുതൽ പേരും ഉപയോഗിക്കുന്നത്. 35 റിയാൽ വരെയാണ് ഇവർ ചുമത്താറ്. സുഹൃത്തുക്കളുടെയും മറ്റും വാഹനത്തിൽ വരാമെന്ന് കരുതിയാൽ ബുറൈമി, വാദി ജിസി ചെക്ക്പോസ്റ്റുകളിൽ സമാന്തര ടാക്സി സർവിസ് ആണെന്ന് പറഞ്ഞ് പിഴ ചുമത്തി മടക്കി അയക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ പേരും അതിന് നിൽക്കാറില്ല.
തിരിച്ചുള്ള യാത്രയിലാണെങ്കിൽ കേരളത്തിൽനിന്നുള്ള വിമാനങ്ങൾ കൂടുതലും അർധരാത്രിയും പുലർച്ച സമയത്തുമൊക്കെയാണ് മസ്കത്തിൽ എത്തുക. ഇവയിൽ എത്തുന്ന ബുറൈമിയിലേക്ക് പോകേണ്ടവർ ബസിന് പുലർച്ചെ ഏഴുവരെ കാത്തിരിക്കേണ്ടിവരും.
ടാക്സികളുടെ എണ്ണം പൊതുവെ ഇൗ സമയത്ത് കുറവായിരിക്കും. ഉള്ളവക്കാകെട്ട വലിയ നിരക്കും നൽകേണ്ടിവരും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കാണ് ഇപ്പോൾ ഒരു പരിധിവരെ ആശ്വാസമായത്. ബുറൈമിയിൽനിന്ന് സൊഹാറിലേക്ക് പരമാവധി ഒരു മണിക്കൂർ സമയത്തിനുള്ളിൽ എത്താൻ സാധിക്കും. കുറഞ്ഞ പൈസ മാത്രം ടാക്സികൾക്ക് നൽകിയാലും മതിയാകും. സൊഹാർ ടൗണിൽനിന്ന് അഞ്ചു കിലോമീറ്റർ മാറിയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. അതിനാൽ, ടൗൺ വഴി സർവിസ് നടത്തുന്ന ബസുകൾ വിമാനത്താവളവുമായി ബന്ധപ്പെടുത്തിയാൽ അത് യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.