മത്ര: ലോക്സഭാ ഇലക്ഷന് ഫലം വന്ന് രണ്ടാം ദിവസവും ചര്‍ച്ചകളില്‍ മുഴുകി മത്രയിലെ പ്രവാസി മലയാളികള്‍. ആഹ്ലാദവും നിരാശയുമടങ്ങിയ സമ്മിശ്ര പ്രതികരണവുമായിരുന്നു പലരിൽനിന്നുമുണ്ടായത്.
ദേശീയ തലത്തില്‍ മോഡി കമ്പനിയെ വിറപ്പിച്ച ‘ഇൻഡ്യ’ മുന്നണിയുടെ തിളക്കമേറിയ പോരാട്ട വിജയത്തില്‍ സംതൃപ്തി അടയുകയും കേരളത്തില്‍ മിന്നുംവിജയം നേടിയതില്‍ ആഹ്ലാദിക്കുകയുമാണ് യു.ഡി.എഫ് അനുഭാവികള്‍. അതേ സമയം കേരളത്തില്‍ പാർട്ടിയുടെ നിറംമങ്ങിയ പ്രകടനത്തില്‍ ഏറെ നിരാശയിലാണ് എൽ.ഡി.എഫ് അനുകൂലികള്‍. തുടര്‍ ഭരണത്തിന്റെ അഹങ്കാരം അങ്ങ് മുഖ്യമന്ത്രി മുതല്‍ താഴെ തട്ടിലുള്ള സഖാക്കളെ വരെ ഒരേപോലെ ബാധിച്ചതിന്റെ പ്രതിഫലനമാണ് മോശം പ്രകടത്തിനു കാരണമായതെന്ന് എൽ.ഡി.എഫ് അനുഭാവിയായ കണ്ണൂര്‍ സ്വദേശി സജീര്‍ പറയുന്നു. കേരളത്തിലെ ഇലക്ഷൻ കഴിഞ്ഞ് യു.ഡി.എഫിലെ താഴെകിടയിലുള്ള നേതാക്കള്‍ വരെ മറ്റു സംസ്ഥാനങ്ങളിലെ പ്രചരണ പരിപാടികള്‍ക്ക് പോയപ്പോള്‍ മുഖ്യമന്ത്രി കുടുംബ സമേതം ടൂറിനു പോയതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ മിന്നും വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മത്ര കെ.എം.സി.സിയുടെ നേതൃത്വത്തിൽ പായസം വിതരണം ചെയ്യുന്നു
ഇൻഡ്യ മുന്നണി സഖ്യം കുറെകൂടി നേരത്തേ രൂപപ്പെടുത്തി ഒന്നുകൂടി ആഞ്ഞ് പിടിച്ചിരുന്നുവെങ്കില്‍ ലോക്സഭയിലെ മാജിക് നമ്പര്‍ മറികടക്കാന്‍ ആകുമായിരുന്നുവെന്നായിരുന്നു മത്രയില്‍ വെജിറ്റബിള്‍ കട നടത്തുന്ന കൊല്ലം സ്വദേശി സുല്‍ഫിക്കറിന്റെ പ്രതികരണം
മോദി ടീമിനെ വിറപ്പിക്കാന്‍ സാധിച്ചതില്‍ ദ്രുവിനെ പോലുള്ള യൂടൂബേഴ്സിന്റെ പങ്ക് പ്രത്യേകമെടുത്ത് പറയേണ്ടതാണെന്ന് എമിറ്റേഷന് ജ്വല്ലറി നടത്തുന്ന കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി ഹാഷിം പറഞ്ഞു. കേരളത്തില്‍ ഭരണ വിരുദ്ധ വികാരമുണ്ട് എന്നതാണ് ഇലക്ഷന് ഫലം തെളിയിക്കുന്നതെന്ന് അലി പൊന്നാനി പറയുന്നു.
തൃശൂരിലെ സുനില്‍ കുമാറിന്റെ പരാജയം അങ്ങേയറ്റം നിരാശയാണ് നൽകുന്നതെന്ന് മത്രയിലെ ടൈലറായ ഗുരുവായൂർ സ്വദേശി രഘു പറഞ്ഞു. ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യമുള്ള തൃശൂരില്‍ ബി.ജെ.പി ജയിക്കാന്‍ പാടില്ലായിരുന്നു. പരാജയ കാരണം മനസിലാക്കി വരുന്നതേയുള്ളൂവെന്നും രഘു പറഞ്ഞു.
കേന്ദ്രത്തിലേക്കുള്ള ഇലക്ഷനില്‍ ഇടതുപക്ഷം ഇങ്ങിനെ പരാചയപ്പെടുന്നത് ആദ്യമല്ല. അടുത്ത നിയമസഭയിലേക്കുള്ള ഇലക്ഷന് വരുമ്പോള്‍ കാര്യങ്ങള്‍ മാറി മറിയുമെന്ന് മത്ര സൂഖ് ളലാമിലുള്ള കച്ചവടക്കാരന് നിസാര്‍ ധര്‍മ്മടം പറഞ്ഞു. ഇടതുപക്ഷത്തെ ജനമനസുകളില്‍ തെറ്റിദ്ധരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ നടത്തിയ തന്ത്രങ്ങളില്‍ കുടുങ്ങിയ ജനങ്ങളുടെ വിധിയെഴുത്താണിതെന്നും നിസാര്‍ പറയുന്നു.
കേന്ദ്രത്തില്‍ നിതീഷിനെ കൂട്ടി മോദി തന്നെ ഭരിക്കട്ടെ. രാഹുലിന് അടുത്ത ഊഴമാണ് ഞങ്ങള്‍ നീക്കി വെച്ചിട്ടുള്ളതെന്ന് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷാനവാസിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്ര നടത്തി ജനമനസുകള്‍ കീഴടക്കിയ രാഹുല്‍ ഗാന്ധിക്കാണ് പ്രതിപക്ഷത്തിന്റെ കുതിപ്പിനുള്ള ക്രെഡിറ്റെന്നും പാലക്കാടുകാരനായ ഷാനവസ് പറഞ്ഞു.
ഷാഫിക്ക് പകരം പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തെ നിര്‍ത്തി മണ്ഡലം നില നിര്‍ത്തുമെന്നും ഷാനവാസ്.
ഇനിയെങ്കിലും വിഭജന വര്‍ഗീയ രാഷ്ട്രീയം ഒഴിവാക്കി എല്ലാ വിഭാഗം ജനങ്ങളുടെയും പ്രധാനമന്ത്രിയാകാന്‍ മോദി ശ്രമിക്കണമെന്ന് പെര്‍ഫ്യും വ്യാപാരിയായ കൊല്ലം സ്വദേശി ജയന് പറഞ്ഞു.
യു.ഡി.എഫിന്റെ മിന്നും വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മത്രയില്‍ പായസ വിതരണം നടത്തി. മത്ര കെ.എം.സി. സി പ്രവര്‍ത്തകരായ റഫീഖ് കുരിക്കള്‍,റഫീഖ് ചെങ്ങള, അഫ്താബ് ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.