മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ച ഇ-ഗേറ്റുകൾ ഒമാനിൽനിന്ന് പുറത്ത് പോവുന്നവർക്കും സുൽത്താനേറ്റിലേക്ക് പ്രവേശിക്കുന്നവർക്കും ഏറെ സൗകര്യകരമാവുന്നു. റസിഡന്റ് കാർഡുള്ള വിദേശികൾക്കും ഐഡി കാർഡുള്ള സ്വദേശികൾക്കുമാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയുക. യാത്രക്കാർക്ക് എമിഗ്രേഷൻ സമയത്തുണ്ടാവുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ കഴിയും.
വിമാനത്താവളത്തിൽ കൂടുതൽ യാത്രക്കാരുള്ള തിരക്കേറിയ സമയങ്ങളിൽ വരിയും മറ്റും ഒഴിവാക്കാനും ഇ -ഗേറ്റ് സഹായകമാവുന്നുണ്ട്. മുമ്പ് ഉണ്ടായിരുന്നതുപോലെ വിരലടയാളം എടുക്കൽ അടക്കമുള്ള ബയോമെട്രിക് ആവശ്യങ്ങൾക്കായി സമയം നഷട്പ്പെടുത്തേണ്ട ആവശ്യവും ഇ ഗേറ്റുകൾ കടന്ന് വരുന്നവർക്കില്ല.
പുതിയ സംവിധാനം അനുസരിച്ച് മുഖം തിരിച്ചറിയുന്ന സംവിധാനത്തിലൂടെ പാസ്പോർട്ട് പോലും കാണിക്കാതെ ഒമാനിൽ കടക്കാനും പുറത്തിറങ്ങാനും കഴിയുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ, വിസിറ്റ് വിസയിൽ എത്തുന്നവർക്ക് എല്ലാം പഴയ രീതികൾ തന്നെ തുടരും.
റസിഡന്റ് കാർഡോ ഐഡി കാർഡോ ഉള്ളവർക്ക് അത് സ്കാൻ ചെയ്തശേഷം കാമറക്ക് മുമ്പിൽനിന്ന് മുഖം റീഡ് ആവുന്നതോടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാവും. സാധാരണ ഗതിയിൽ ഒരു മിനിറ്റിൽ കുറഞ്ഞ സമയം മാത്രമാണ് ഇതിനെടുക്കുക. എന്നാൽ ഇ ഗേറ്റ് വഴി എമിഗ്രേഷൻ പൂർത്തിയാക്കാൻ കഴിയാത്തവർ എമിഗ്രേഷൻ കൗണ്ടറുകളിലേക്ക് തിരിച്ചുവന്ന് വിസാ സ്റ്റാമ്പിങ് അടക്കമുള്ള സാധാരണ നടപടികൾ പൂർത്തിയാക്കണം.
സാങ്കേതിക പ്രശ്നങ്ങൾ കാരണം കാർഡുകൾ തിരസ്കരിക്കുന്ന സംഭവങ്ങളും ഉണ്ടെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, മുമ്പുള്ളതിനേക്കാൾ ഇത് കുറവാണെണന്നും അധികൃർ വ്യക്തമാക്കി. ഐഡികാർഡ് ഉടമകൾ മൊബൈൽ ആപ് ഉപയോഗിച്ച് ഡിജിറ്റർ ഐ.ഡി ഉണ്ടാക്കണമെന്നും മൊബൈൽ ഫോൺ ഉപയോഗിച്ച് എമിഗ്രേഷൻ നടപടികൾ എളുപ്പമാക്കണമെന്നും റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു.
എന്നാൽ കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ബഹുഭൂരിപക്ഷം യാത്രക്കാരും എമിഗ്രേഷൻ നടപടി ക്രമങ്ങൾ എളുപ്പത്തിൽ കഴിയാൻ ആഗ്രഹിക്കുന്നരാണെന്ന് സർവേകൾ തെളിയിക്കുന്നു. പുതിയ സംവിധാനം യാത്രകാർക്ക് ഏറെ ആശ്വാസകരമാവുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.