മസ്കത്ത്: ഒമാനിലെ ഇ-പേമെന്റ് സംവിധാനം ഏർപ്പെടുത്താൻ നിശ്ചയിച്ച വാണിജ്യ സ്ഥാപനങ്ങളിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പരിശോധന ആരംഭിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ ഇ-പേമെന്റ് സംവിധാനം ഏർപ്പെടുത്തണമെന്ന് അധികൃതർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
നിയമം നിലവിൽ വന്നതായും കഴിയും വേഗം അതത് സ്ഥാപനങ്ങൾ നടപ്പാക്കണമെന്നും രണ്ടാഴ്ച മുമ്പ് മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് പല സ്ഥാപനങ്ങളും ഇ-സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതുവരെയും സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾ നടപടിക്രമങ്ങളും ആരംഭിച്ചു. ഫുഡ് സ്റ്റഫ് സ്ഥാപനങ്ങൾ, സ്വർണം-വെള്ളി വ്യാപാര സ്ഥാപനങ്ങൾ, റസ്റ്റാറന്റുകൾ, കഫെകൾ, പച്ചക്കറി-പഴവർഗ വ്യാപാര സ്ഥാപനങ്ങൾ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ, കെട്ടിട നിർമാണ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായ മേഖല, കോംപ്ലക്സുകൾ, മാളുകൾ, ഗിഫ്റ്റ് ഇനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലാണ് ഇ-പേമെന്റ് സംവിധാനം നടപ്പാക്കിയത്.
നിലവിൽ ചെറിയ സ്ഥാപനങ്ങളധികവും ഇ-പേമെന്റ് സംവിധാനം നടപ്പാക്കിയിട്ടില്ല. ഇത് നടപ്പിൽ വരുത്തുന്നത് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം അധികൃതരുടെ സന്ദർശനം. ഇ-പേമെന്റ് മെഷീനുകൾ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ എളുപ്പമാണെന്നും അപേക്ഷിച്ചാൽ രണ്ടാഴ്ചകൊണ്ട് മെഷീൻ ലഭ്യമാവുമെന്നും റൂവിയിലെ അൽ ഫൈലാക് ഹോട്ടൽ മാനേജിങ് ഡയറക്ടർ കെ.കെ. അബ്ദുൽ റഹീം പറഞ്ഞു. സ്ഥാപനത്തിന് അക്കൗണ്ടുള്ള ബാങ്കിനെയാണ് ഇ-പേമെന്റ് മെഷീന് സമീപിക്കേണ്ടത്. കമ്പനിയുടെ സി.ആർ ലെറ്ററിൽ പേരുള്ള സ്ഥാപനത്തിന്റെ ഉടമയാണ് അപേക്ഷയിൽ ഒപ്പുവെക്കേണ്ടത്.
നേരത്തെ ബാങ്കുകൾ മെഷീന് 50 റിയാൽ ഈടാക്കിയിരുന്നെങ്കിലും ഇപ്പോൾ പല ബാങ്കുകളും സൗജന്യമായാണ് മെഷീൻ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.